ഇടുക്കി: കുടുംബശ്രീയുടെ ഹരിതകർമ സേനക്ക് വനിതാ വികസന കോർപ്പറേഷൻ വായ്പ അനുവദിക്കുന്നു.
വീടുകളിൽനിന്നും അജൈവ മാലിന്യങ്ങൾശേഖരിച്ച് തരംതിരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന ഹരിതകർമ്മ സേന അംഗങ്ങൾക്ക് സംസ്ഥാന വനിത വികസന കോർപറേഷൻ വായ്പാ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ്.
വനിത വികസന കോർപ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിത കർമ സേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത് തൊഴിൽ ചെയ്യാനാവശ്യമായ വാഹനം വാങ്ങാൻ,
സംരംഭ വികസനത്തിന്,സാനിട്ടേഷൻ ജോലിയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ വില്ക്കുന്ന സാനിട്ടറി മാർട്ടുകൾ തുടങ്ങാൻ,ഹരിത സംരംഭങ്ങൾ തുടങ്ങാൻ, സേനാംഗങ്ങളുടെ പെൺ മക്കൾക്ക് വിദ്യാഭ്യാസ സഹായം എന്നിവയ്ക്ക് വായ്പ ലഭിക്കും.
നാലു മുതൽ അഞ്ച് ശതമാനം വരെവാർഷിക പലിശ നിരക്കിൽ ലഭിക്കുന്ന വായ്പയുടെ കാലാവധി മൂന്ന് വർഷമാണ്. വാഹനം വാങ്ങാൻ പരമാവധി 15 ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഒരുഅംഗത്തിന് പരമാവധി 60,000 രൂപ വരെ ലഭിക്കും.ഇത്തരത്തിൽ ഒരു സിഡിഎസിന് കീഴിൽ 50 ലക്ഷം വരെ പരമാവധി വായ്പയായി ലഭിക്കും. ശുചീകരണ ജോലിക്ക് സഹായകമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 15 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടാതെ ഇവരുടെ പെണ്മക്കൾക്ക് പ്രൊഫഷണൽ കോഴ്‌സുകൾക്കും, വൊക്കേഷണൽ പഠനത്തിനും മൂന്നര ശതമാനം പലിശയ്ക്ക് നാലു ലക്ഷം മുതൽ പത്തുലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കാനും അർഹതയുണ്ടായിരിക്കും.
ആദ്യഘട്ടമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് രൂപ ഉടനെ വിതരണം ചെയ്യും. അടുത്ത ഘട്ടത്തിൽ ഗ്രൂപ്പുകൾക്ക് വാഹനം വാങ്ങാനായി വായ്പ അനുവദിക്കും. സിഡിഎസ്സുകളുടേയും കുടുംബശ്രീ ജില്ലാ മിഷന്റേയും ശുപാർശയോടെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വനിതാ വികസന കോർപ്പറേഷൻ ഉടൻ നടപടി സ്വീകരിക്കും.