നെടുങ്കണ്ടം: പാറത്തോട് പുതിയ പാലത്തിന്റെ ഉദ്ഘാടനവും പാറത്തോട് കമ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനവും വൈദ്യുതി മന്ത്രി എംഎം മണി നിർവഹിച്ചു. കൊവിഡ് കാലത്ത് നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായെങ്കിലും സമയബന്ധിതമായി പദ്ധതികൾ പൂർത്തികരിക്കുന്നുണ്ടെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു. മുൻ എംഎൽഎ കെ.കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
മൂന്നാർ കുമളി ദേശിയ പാതയിൽ പാറത്തോട് മൂന്നു കോടി രൂപ ചിലവിട്ടാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്. 11.08 മീറ്റർ നീളവും, 11 മീറ്റർ വീതിയും, 7.5 മീറ്റർ ഉയരത്തിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുന്നതിന് 7.5 മീറ്റർ ക്യാരേജും ഇതിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതമുള്ള ഓരോ നടപ്പാതകളുമാണ് നിർമിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാലം നിർമ്മാണം പൂർത്തികരിച്ചത്. പാലം നിർമ്മാണം നടന്നപ്പോൾ ഗതാഗതം സ്തംഭിക്കാതിരിക്കാൻ താത്കാലിക പാലവും പുഴയ്ക്ക് സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്.
പാറത്തോട് കമ്യൂണിറ്റി ഹാൾ നിർമ്മാണത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മന്ത്രി എംഎം മണിയുടെ എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.
ഉടുമ്പൻചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.ജെ ജോമോൻ, സുനിൽ കുമാർ, പി.ഡബ്ലുഡി എക്‌സിക്യുട്ടീവ് എൻജിനിയർ സിസിലി ജോസഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സൂസ്സൻ സാറ സാമുവൽ, ഫാ.ജോഷി നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.