vallakkadav

 കൃഷിനാശം, വൈദ്യുതി മുടക്കം, ഗതാഗത തടസം

കട്ടപ്പന: കാലവർഷത്തിൽ ഹൈറേഞ്ചിൽ പരക്കെ നാശനഷ്ടം. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ ഇന്നലെ പുലർച്ചെ വരെ നീണ്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ദേശീയ, സംസ്ഥാന പാതകളിലടക്കം ഗതാഗതം തടസപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. വൈദ്യുതി വിതരണം തടസപ്പെട്ടതോടെ വിവിധ മേഖലകൾ ഇരുട്ടിലാണ്. ചില സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി പുനഃസ്ഥാപിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതോടെ പെരിയാറിൽ ജലനിരപ്പുയർന്നു. ഇരട്ടയാർ ഡൈവേർഷൻ ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അടിമാലി- കുമളി ദേശീയപാതയിൽ ശാസ്തനടയ്ക്കും വള്ളക്കടവിനുമിടയിൽ മൂന്നിടങ്ങളിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. വീശിയടിച്ച കാറ്റിൽ വള്ളക്കടവിലെ ഏക്കറു കണക്കിനു സ്ഥലത്തെ ഏലംകൃഷി നശിച്ചു. കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങൾ മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പുറ്റടി- മോഹനൻകട റോഡിൽ വൻമരം വീണ് ഗതാഗതം തടസപ്പെട്ടു. കാഞ്ചിയാർ വെങ്ങാലൂർക്കടയിൽ റോഡിൽ കടപുഴകി വീണ മരം, അഗ്‌നിശമന സേന മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എഴുകുംവയലിൽ അപകടാവസ്ഥയിലായിരുന്ന മരം കടപുഴകി വീണ് എട്ടോളം വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. സമീപവാസിയുടെ പുരയിടത്തിലെ കൃഷിയും നശിച്ചു. 11 കെ.വി ലൈനിനു മുകളലേക്കാണ് മരം വീണത്. കാലവർഷത്തിനുമുമ്പ് മരം മുറിച്ചുമാറ്റണമെന്നു ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിലും സ്ഥലമുടമയും നാട്ടുകാരും നെടുങ്കണ്ടം പഞ്ചായത്തിലും എക്‌സിക്യൂട്ടീവ് എൻജിനീയർക്കും നിരവധി പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥർ അനാസ്ഥ തുടർന്നതോടെ കളക്ടർക്കും പരാതി നൽകി. കൃഷിയിടത്തിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈൻ റോഡിന്റെ വശത്തേയ്ക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.