തൊടപുഴ: ലോക്ക്ഡൗൺ ഇളവുകളിലൊന്നും കുറേ നാളായി സർക്കാർ പരിഗണിക്കാതിരുന്ന ഹെൽത്ത് ക്ലബുകളും ജിംനേഷ്യങ്ങളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാം. കടുത്ത കൊവിഡ് മാനദണ്ഡങ്ങളോടെയാണ് ഇവ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇവയെല്ലാം പാലിക്കാൻ ജിംനേഷ്യങ്ങളിലെത്തുന്ന എല്ലാവരും തയ്യാറാകുമോയെന്നതാണ് ആശങ്ക. കൊവിഡ് ഭീതി കാരണം പഴയ പോലെ ആളുകൾ ജിമ്മുകളിലേക്ക് വരുമോയെന്ന് നടത്തിപ്പുക്കാർക്കും സംശയമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ഇവർക്കും ആശങ്കയുണ്ട്. അതിനാൽ ജില്ലയിലെ എല്ലാ ജിംനേഷ്യങ്ങളൊന്നും ഇന്ന് തുറക്കാൻ സാധ്യതയില്ല. ഇടുക്കിയിൽ ചെറുതും വലുതുമായി അമ്പതോളം ജിമ്മുകൾ ഉണ്ട്. നാല് മാസത്തോളമായി ജിംനേഷ്യങ്ങൾ അടഞ്ഞുകിടന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി പേർ പ്രതിസന്ധിയിലായിരുന്നു. ഇതുവരെ യാതൊരു വിധ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് ലഭിച്ചിട്ടില്ല.

രോഗികൾക്ക് ആശ്വാസം

പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രായമായവരടക്കമുള്ള ലക്ഷക്കണക്കിന് പേരാണ് ജിമ്മുകളെ ആശ്രയിക്കുന്നത്. ജിമ്മുകൾ അടച്ചതോടെ ഇവരുടെ വ്യായാമം മുടങ്ങി. ഇതുമൂലം ഇത്തരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി രോഗം കൂടുന്ന അവസ്ഥയാണ്. കർശനമായ നിബന്ധനകളോടെയെങ്കിലും ഫിറ്റ്‌നസ് സെന്റുകൾ തുറക്കാൻ അനുമതി നൽകിയത് ആശ്വാസകരമാമെന്നാണ് ഇവരുടെ അഭിപ്രായം.

'' കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തിങ്കളാഴ്ച മുതൽ തുറക്കാമെന്നാണ് കരുതുന്നത്. പഴയപോലെ ആളുകൾ വന്നില്ലെങ്കിൽ വാടക നൽകാൻ തന്നെ ബുദ്ധിമുട്ടാകും. എന്നാൽ എത്രസമയം മുതൽ എത്ര സമയം വരെ ജിം പ്രവർത്തിക്കാം എന്ന് നിർദേശങ്ങളിലൊന്നും പറയാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.''

കാർത്തികേയൻ

(ഒളിമ്പിക് ജിം, തൊടുപുഴ)

പ്രധാന കൊവിഡ് മാനദണ്ഡങ്ങൾ

 തെർമോമീറ്റർ ഉപയോഗിച്ച് എല്ലാവരെയും പരിശോധിക്കും

 ട്രെയിനറടക്കം എല്ലാവരും വ്യായാമ വേളയിലും മാസ്‌കും ഗ്ലൗസുകളും ധരിക്കണം

 സാനിറ്റൈസറും മാസ്‌കുകളും വാട്ടർ ബോട്ടിലും കൊണ്ടുവരണം

 ഗ്രൂപ്പ് എക്സർസൈസ് വേണ്ട

 ഒരാളുടെ പരമാവധി വ്യായാമസമയം ഒരു മണിക്കൂർ

 എയർകണ്ടീഷണർ പാടില്ല

 രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കില്ല

 18 മുതൽ 55 വയസ് വരെ മാത്രം പ്രവേശനം

 വരുന്നവരുടെ മേൽവിലാസവും സമയവും രേഖപ്പെടുത്തണം

 ഷോട്ട്‌സ് ( നിക്കർ) പാടില്ല,​ ട്രാക്ക് സ്യൂട്ട് (പാന്റ്‌സ്)​ ഉപയോഗിക്കാം

 ജിമ്മിൽ പ്രത്യേകം ഷൂസ് ഉപയോഗിക്കണം