മൂന്നാർ: കനത്ത മഴയിൽ കന്നമലയാർ കരകവിഞ്ഞതോടെ പെരിയവര താത്കാലിക പാലത്തിൽ വെള്ളം കയറി. ഗതാഗതം രണ്ടു മണിക്കൂർ നിറുത്തിവെച്ചു. മൂന്നാറിൽ രണ്ടു ദിവസമായി അതിശക്തമായ മഴയാണ് പെയ്യുന്നത്. ഞായറാഴ്ച 7.92 സെന്റിമീറ്ററും തിങ്കളാഴ്ച 14.01 സെന്റിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാറിലെ കന്നിമലയാർ കരകവിയുകയും പെരിയവാര താത്കാലിക പാലത്തിൽ വെള്ളം കയറുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് വെള്ളം കയറിയത്. ഇതോടെ ഗതാഗതം രണ്ട് മണിക്കൂർ പൂർണമായി നിറുത്തിവെച്ചു. തുടർന്ന് യന്ത്രങ്ങളുടെ സഹായത്തോട പാലത്തിൽ മെറ്റൽപാകി ശക്തിപ്പെടുത്തിയശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. കഴിഞ്ഞ പ്രളയത്തിലാണ് പെരിയവാരയിലെ നുറ്റാണ്ടുകൾ പഴയക്കമുള്ള പാലം തകർന്നത്. തുടർന്ന് ദേവികുളം എം.എൽ.എയുടെ ഫണ്ടിൽ നിന്നും അഞ്ചുകോടി ചെലവിട്ട് പാലത്തിെന്റ നിർമാണം ആരംഭിക്കുകയും ചെയ്തു. നിലവിൽ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.