mathew

കാഞ്ഞാർ: മലങ്കര ജലാശയത്തിൽ കാഞ്ഞാർ പാലത്തിന് സമീപം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാർ കണ്ടത്തിൽ പീടികയിൽ മാത്യു (64) വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെകണ്ടെത്തിയത്. മാത്യുവും കുടുബവും കോളപ്ര ഏഴാം മൈലിലെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മൂലമറ്റത്ത് താമസിക്കുന്ന മൂത്തമകൻ അരുണിന്റെ വീട്ടിൽ നിന്നും താമസസ്ഥലത്തേക്ക് പോയ മാത്യു അവിടെ എത്തിയിരുന്നില്ല. മക്കൾ വിളിച്ചന്വേഷിച്ചപ്പോൾ പണിക്ക് പോയതായിരിക്കും എന്ന് അമ്മ പറഞ്ഞതായി അവർ പറഞ്ഞു. പാലത്തിന് സമീപം മൃതദേഹം കണ്ട നാട്ടുകാർ കാഞ്ഞാർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസും മൂലമറ്റം ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ കഴിയാത്ത വിധമാണ് മൃതദേഹം കാണപ്പെട്ടത്. പിന്നീട് മൂത്ത മകൻ അരുൺ തൊടുപുഴ ആശുപത്രിയിൽ എത്തി ആളെ തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. കൊവിഡ് പരിശോധന ഫലം വന്ന ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തും. ഭാര്യ: അമ്മിണി കരിമ്പൻ വെള്ളാപ്പള്ളിൽ കുടുംബാഗം. മക്കൾ: അരുൺ, അമ്പിളി അനീഷ്. മരുമക്കൾ : മഞ്ജു ,മനോജ്, രമ്യ.