തൊടുപുഴ: ജില്ലയിലെ ഉടുമ്പന്നൂർ, വണ്ണപ്പുറം, അറക്കുളം ഉൾപ്പെടെ അഞ്ചോളം
പഞ്ചായത്തുകളിൽ പട്ടയം നൽകാനുള്ള എൽ.ഡി.എഫ് സർക്കാർ ഉത്തരവിനെ
സി.പി.എം ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വളച്ചൊടിക്കുകയാണെന്ന് സി.പി.ഐ. കരിമണ്ണൂർ ഭൂമിപതിവ് സ്‌പെഷ്യൽ തഹസീൽദാറുടെ പരിധിയിൽപ്പെടുന്ന അഞ്ചോളം പഞ്ചായത്തുകളിൽ മുഴുവൻ കൈവശക്കാർക്കും പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം
ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, മന്ത്രി എം.എം. മണി, മറ്റ് എൽ.ഡി.എഫ്
നേതാക്കൾ എന്നിവർ ചേർന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വനം മന്ത്രി
എന്നിവർക്ക് നൽകിയ നിവേദനങ്ങളുടെയും തുടർന്ന് നടത്തിയ ചർച്ചകളുടെയും
ഫലമായാണ് പട്ടയം നൽകാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സി.പി.എം കരിമണ്ണൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടയം നൽകാനുള്ള തീരുമാനം
സി.പി.എമ്മിന്റെ മാത്രം പരിശ്രമങ്ങളുടെ ഫലമായാണെന്ന വിധത്തിൽ
പ്രസ്താവന ഇറക്കിയത്. ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകാനുള്ള നിയമപരമായ തടസങ്ങൾ ഒഴിവാക്കാൻ സി.പി.ഐ ജില്ലാ നേതൃത്വം റവന്യൂ വകുപ്പിനോട് ഉൾപ്പെടെ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ജനങ്ങൾക്ക് പട്ടയം ലഭിച്ചപ്പോഴെല്ലാം സി.പി.ഐയ്ക്ക് റവന്യൂ വകുപ്പിന്റെ ചുമതലയുണ്ടായിരുന്നു. എൽ.ഡി.എഫിന് ഇക്കാര്യത്തിൽ തികഞ്ഞ വ്യക്തതയുണ്ട്. യോജിച്ചുള്ള പ്രവർത്തനങ്ങൾ
ആവശ്യമുള്ള സ്ഥാനത്ത് വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിൽ നിന്ന്
സി.പി.എം പിന്മാറമണമെന്ന് സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി പി.പി. ജോയി ആവശ്യപ്പെട്ടു.