നെടുങ്കണ്ടം: കാലവർഷത്തിൽ നെടുങ്കണ്ടം മേഖലയിൽ വ്യാപക നാശനഷ്ടം. നെടുങ്കണ്ടത്ത് രണ്ട് വീടുകളും രാജകുമാരി രാജാക്കാട്, വണ്ടൻമേട് പഞ്ചായത്തുകളിലെ ഓരോ വീടുകളും ഭാഗികമായി തകർന്നു. പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ രാവിലെ വരെ തുടർന്നു. മരം വീട് നെടുങ്കണ്ടം ചക്കകാനം ഉമിക്കുന്നേൽ ബേബി മാത്യുവിന്റെ വീട് ഭാഗികമായി തകർന്നു. ചാറൽമെട്ടിൽ മരം വീണ് പുത്തൻപുരയ്ക്കൽ ടി.ഡി രാധാകൃഷ്ണന്റെ വീടിനും കേടുപാട് സംഭവിച്ചു. നവജാത ശിശു ഉൾപ്പെടെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി നെടുങ്കണ്ടം സെക്ഷനുകീഴിലെ 22 ഇടങ്ങളിലാണ് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിയത്. 11 കെ.വി ലൈനിൽ മരം വീണ് തടസപ്പെട്ട വൈദ്യുതി വിതരണം ഇന്നലെ വൈകുന്നേരത്തോടെ പുനസ്ഥാപിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ വൈദ്യുതി മുടങ്ങിയത് നാട്ടുകാരെ വലച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങി.