തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജില്ലാ അതിർത്തിയിൽ അനധികൃത മീൻ വിൽപ്പന പൊടിപൊടിക്കുന്നു. തൊടുപുഴ അച്ചൻകവലയിലാണ് സാമൂഹിക അകലം പാലിക്കാതെ രാത്രിയിലുള്ള അനധികൃത മത്സ്യവ്യാപാരം. തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സമ്പർക്കം മൂലം കൊവിഡ് രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ നഗരസഭയിൽ മീൻ കടകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് തൊടുപുഴയിൽ വിൽപ്പന നടത്തിയതിന് കഴിഞ്ഞ ദിവസം മീൻ വിൽപ്പനക്കാർക്കെതിരെ പൊലീസ് തടഞ്ഞ് കേസെടുത്തിരുന്നു. ഇതേ തുടർന്നാണ് ഇതേ സംഘം അതിർത്തിക്ക് തൊട്ടപ്പുറത്ത് പോയി കച്ചവടം ആരംഭിച്ചത്. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്തായതിനാൽ ഇവിടെ നിയന്ത്രണം ബാധകമല്ല. എന്നാൽ പഞ്ചായത്തിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണ് കട പ്രവർത്തിക്കുന്നത്. രാത്രി വൈകിയും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തൊടുപുഴ നഗരത്തിൽ ചുമട്ടുതൊഴിലാളിക്കടക്കം കൊവിഡ് ബാധിച്ച പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കേണ്ട അവസരത്തിലാണ് ഒരു മുൻകരുതലും പാലിക്കാതെ മീൻ കച്ചവടം നടത്തുന്നത്.