തൊടുപുഴ: മുതലിയാർ മഠത്ത് ഉടമയുടെ സുഹൃത്തിന്റെ വീടിനു സമീപം നിറുത്തിയിട്ടിരുന്ന മിനി ടിപ്പർ ലോറി കത്തി നശിച്ചു. മുതലക്കോടം സ്വദേശി പ്രമീഷ് രാജുവിന്റെ ലോറിയാണ് കത്തിനശിച്ചത്. ഓട്ടം കഴിഞ്ഞ് സ്ഥിരമായി ഇവിടെ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഇവിടെ വാഹനം നിറുത്തിയിട്ട ശേഷം പ്രമീഷ് വീട്ടിലേക്കു പോയി. രാത്രി രണ്ടേകാലോടെ ലോറിയുടെ മുൻവശത്ത് തീ പടർന്നതായി സുഹൃത്തിന്റെ അച്ഛനാണ് കണ്ടത്. ഉടൻ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി തീയണച്ചെങ്കിലും മുൻവശം പൂർണമായും കത്തി. മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഉടമ തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.