തൊടുപുഴ: തൊടുപുഴ മേഖലയിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായി ക്രമസമാധാന പ്രശ്നമായി മാറുന്നു. ചൊവ്വാഴ്ച രാത്രി ഒളമറ്റം ജിയോ ഗ്യാസ് ഓഫീസിനു സമീപം ബി.എസ്.എൻ.എൽ ഫൈബർ കേബിൾ സാമൂഹിക വിരുദ്ധർ മുറിച്ചു നശിപ്പിച്ചു. ഇതുമൂലം ഈമേഖലയിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം ഉൾപ്പെടെ മുടങ്ങി. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരെത്തി ഉച്ചയോടെ തകരാർ പരിഹരിച്ചു. ഫൈബർ കേബിളിനെക്കുറിച്ചു അറിവുള്ളവരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാന ഭാഗം നോക്കിയാണ് മുറിച്ചിരിക്കുന്നത്. തൊടുപുഴ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. വെങ്ങല്ലൂർ- കോലാനി ബൈപ്പാസ് റോഡരികിൽ പാറ മുറിക്കുന്ന സ്ഥലത്ത് മറച്ചു വച്ചിരുന്ന ഷീറ്റുകൾ റോഡിലേയ്ക്ക് മറിച്ചിട്ടു അജ്ഞാതർ നശിപ്പിച്ചു. രാത്രിയായാൽ ഈ ഭാഗത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ടെന്നു കരാറുകാരൻ പറഞ്ഞു. തൊടുപുഴ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഇന്നലെ പുലർച്ചെ മുതലിയാർമഠത്ത് നിറുത്തിയിട്ടിരുന്ന ലോറി കത്തിനശിച്ച സംഭവവമുണ്ടായി.