ചെറുതോണി: മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്കുള്ള പി.സി.ആർ ലാബിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും പ്രവർത്തനം ആരംഭിക്കണം എന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി. ഉസ്മാന്റെയും ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനന്റെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്വാതന്ത്ര്യ ദിനത്തിൽ ഉപവസിക്കും. ജൂലായ് 14ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ് 21 നു പ്രവർത്തനം ആരംഭിക്കുമെന്നാണു പറഞ്ഞിരുന്നത്. ഇതുവരെയും തുടങ്ങിയിട്ടില്ല. ഡയാലിസിസ് യൂണിറ്റിന്റെയും പി.സി.ആർ ലാബിന്റെയും പ്രവർത്തനം ആരംഭിക്കുന്നതിനായി ഉപവാസം അനുഷ്ഠിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് എ.പി. ഉസ്മാനും എം.ഡി. അർജുനനും അറിയിച്ചു. അവർ മെഡിക്കൽ കോളേജ് വികസന സമതി ചെയർമാൻ കൂടി ആയ ജില്ലാ കളക്ടർക്ക് നോട്ടീസ് നൽകി. ഉപവാസസമരം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും.