ഇടുക്കി : ഇടുക്കിയിൽ നിയമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ജില്ലയിൽ ജോലിക്കെത്തണമെന്ന് മന്ത്രി എംഎം മണി നിർദ്ദേശിച്ചു. ഡെപ്യൂട്ടേഷനിൽ ഇതര ജില്ലകളിലേക്ക് പോയിരിക്കുന്നവരുടെ പട്ടിക മന്ത്രി ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് സാങ്കേതികത്വം ഉന്നയിച്ച് നടപടികൾക്കായി കാത്തിരിക്കാതെ സാമൂഹ്യ പ്രതിബദ്ധതയോടെ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിതര ചികിത്സ, എം ആർ ഐ, സി റ്റി സ്‌കാൻ എന്നിവ ഉടൻ ആരംഭിക്കും. ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളെജിൽ നിന്നും ഓരോ ഡോക്ടർമാരെ പരിശീലിപ്പിച്ച് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനവും ഉൻ ആരംഭിക്കും. ഐ സി എം ആറിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കൊവിഡ് ആർ ടി പി സി ആർ പരിശോധന ആരംഭിക്കുന്നതിനുള്ള പ്രവർത്തനവും ദ്രുതഗതിയിൽ മുന്നേറുകയാണെന്ന് ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു.
റോഷി അഗസ്റ്റിൻ എം എൽ എ യുടെ ഫണ്ടിൽ നിന്നനുവദിച്ച ആംബുലൻസ് ഉടൻ എത്തിക്കും. നാഷണൽ ഹെൽത്ത് മിഷൻ മുഖേന ജീവനക്കാരെ നിയമിക്കുന്നതിനും ഇ സഞ്ജീവനി വിപൂലീകരിക്കുന്നതിനും തീരുമാനിച്ചതായും കലക്ടർ അറിയിച്ചു. അസിസ്റ്റന്റ് കലക്ടർ സൂരജ് ഷാജി, ഡിഎംഒ ഡോ. എൻ പ്രിയ, മെഡിക്കൽ കോളെജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൾ റഷീദ് എം എൻ, ആശുപത്രി സൂപ്രണ്ട് ഡോ. എസ് എൻ രവികുമാർ, ഡോ. നിഷ മജീദ്, ഡോ. ബിന്ദു ജി എസ്, ഡോ. വി. വി ദിപേഷ്, ഡി പി എം ഡോ. സുജിത് സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.