തൊടുപുഴ: നഗരത്തെ ആശങ്കയിലാക്കി തൊടുപുഴ ടൗണിലെ ചുമട്ട് തൊഴിലാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൊണ്ടിക്കുഴ സ്വദേശിയായ 44കാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയാത്തത് ആശങ്ക ഇരട്ടിയാക്കുന്നു. കുറച്ച് ദിവസങ്ങളായി പനിയെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു ഇയാൾ. തൊടുപുഴ കാഞ്ഞിരമറ്റം റൗണ്ട് ജംഗ്ഷനിലായിരുന്നു ഇയാൾ ചുമട്ട് ജോലി നോക്കിയിരുന്നത്. പനി ബാധിച്ച് ദിവസങ്ങളായി വീട്ടിലായിരുന്നു. പനി കുറഞ്ഞപ്പോൾ സമീപത്തെ ജോലിക്ക് വന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ് . ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട മുപ്പതിലേറെ പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 16 പേർ ഇയാളുടെയൊപ്പം ജോലി ചെയ്യുന്ന മറ്റ് ചുമട്ട് തൊഴിലാളികളാണ്. ഭാര്യയും രണ്ടും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ ആരോഗ്യ പ്രവർത്തകർ തിങ്കളാഴ്ച വൈകിട്ട് മുതൽ നിരീക്ഷണത്തിലാക്കിയിരുന്നു. ബാക്കിയുള്ളവർ ഇയാൾ ചുമടെടുത്ത സ്ഥാപനങ്ങളിലുള്ളവരുമാണ്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരുടെ വിവരം അന്വേഷിച്ച് വരികയാണ് ആരോഗ്യവകുപ്പ്.
തൊണ്ടിക്കുഴ വാർഡ് അടച്ചു
വലിയ തോതിലുള്ള സമ്പർക്കം ഇയാൾക്ക് കണ്ടെത്തിതോടെ തൊണ്ടിക്കുഴ വാർഡ് കണ്ടെയ്‌മെന്റ് സോണാക്കി വഴികളെല്ലാം അടച്ചു. കാരിക്കോട്- തൊണ്ടിക്കുഴ- കുന്നം പൊതുമരാമത്ത് റോഡ് രണ്ടുപാലത്തും പട്ടയംകവലക്ക് സമീപവും അടച്ചു.
ആർപ്പാമറ്റത്ത് പട്ടയംകവലയിൽ നിന്നുള്ള വഴിയും കൊതകുത്തിയിൽ നിന്നുള്ള റോഡും തൊണ്ടിക്കുഴ പട്ടയംകവല കനാൽ റോഡ് പട്ടയംകവല ഗ്രൗണ്ടിനോട് ചേർന്നും
അടച്ചിട്ടുണ്ട്. മേഖലയിൽ കടകളും താത്കാലികമായി അടഞ്ഞു കിടക്കുകയാണ്. സമീപത്തെ ഒന്നാം വാർഡ് രണ്ടാഴ്ചയോളമായി കണ്ടെയ്‌മെന്റ് സോണായതിനാൽ അടഞ്ഞ് കിടക്കുകയാണ്. അതേ സമയം വരും ദിവസങ്ങളിൽ നിയന്ത്രണം രോഗിയുടെ സ്ഥലത്ത് മാത്രമായി ചുരുക്കുമെന്നാണ് സൂചന. പ്രധാന വഴികൾ അടച്ചത് സമീപത്തെ ആളുകളെ ബുദ്ധിമുട്ടിലാക്കി. കിലോ മീറ്ററുകൾ ചുറ്റിയാണ് ഇവരിൽ പലരും ഇന്നലെ തിരികെ വീടുകളിൽ എത്തിയത്. പഞ്ചായത്തിൽ തന്നെ തെക്കുഭാഗത്ത് ഇന്നലെ ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.