തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ മുൻഭാരവാഹികൾക്കെതിരെ നിലവിലെ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾ നൽകിയ പരാതിയിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം തൊടുപുഴ പൊലീസ് ‌കേസെടുത്തു. തൊടുപുഴ യൂണിയൻ മുൻ പ്രസിഡന്റ്,​ മുൻ വൈസ് പ്രസിഡന്റ്, മുൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ 2014-17 കാലഘട്ടത്തിൽ യൂണിയൻ ഭാരവാഹികളായിരുന്നപ്പോൾ യൂണിയന്റെ ഔദ്യോഗിക വരവുചെലവു കണക്കുകളിൽ പെടുത്താതെ ലക്ഷക്കണക്കിനു രൂപ അപഹരിച്ചതായി രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയതിനെ തുടർന്ന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, കൺവീനർ വി. ജയേഷ്, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കമ്മിറ്റിയംഗങ്ങളായ ഷാജി കല്ലാറയിൽ, സി.പി. സുദർശനൻ, വൈക്കം ബെന്നി ശാന്തി എന്നിവർ ചേർന്നാണ് പരാതി നൽകിയത്. യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയും തൊടുപുഴ യൂണിയൻ ബാങ്ക് മുഖേന 1240 ജെ.എൽ.ജി. ഗ്രൂപ്പുകൾ രൂപീകരിച്ച് 963 ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഒരു ലക്ഷം രൂപ വീതവും 227 ജെ.എൽ.ജികൾക്ക് രണ്ട് ലക്ഷം രൂപ വീതവും വായ്പ അനുവദിച്ച് നൽകി. ഇതിൽ പ്രോസസിംഗ് ഫീസായും മറ്റും ലഭ്യമായ തുക യൂണിയന്റെ ഔദ്യോഗിക വരവുചെലവ് കണക്കുകളിൽ രേഖപ്പെടുത്തുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്തില്ല. ഓരോ ജെ.എൽ.ജി ഗ്രൂപ്പിനും സബ്‌സിഡി ഇനത്തിൽ ലഭിച്ച 3000 രൂപ വീതവും ഗുണഭോക്താക്കൾക്ക് നൽകിയില്ല. ജെ.എൽ.ജി സംഘങ്ങൾക്ക് ബാങ്ക് നൽകിയ വായ്പ തുക അവർക്ക്‌ നേരിട്ട് നൽകാതെ യൂണിയൻ ഓഫീസ് മുഖേന യഥാർത്ഥലോൺ തുകയേക്കാൾ കുറച്ച് നൽകി. ഇതിന്റെ തിരിച്ചടവ് ബാങ്കിൽ നേരിട്ട് അടയ്ക്കാതെ ഒരു ജീവനക്കാരിയെ നിയോഗിച്ച് യൂണിയൻ ഓഫീസിൽ വാങ്ങിച്ച ശേഷം ബാങ്കിൽ അടക്കാതെ അപഹരിച്ചെന്നുമാണ് പരാതി. യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ യൂണിയൻ ബാങ്കിൽ ജെ.എൽ.ജി അക്കൗണ്ട് തുടങ്ങി ലക്ഷങ്ങൾ പിൻവലിച്ചത് തെളിവു സഹിതമാണ് പരാതി നൽകിയത്. നിരവധി സംഘങ്ങൾ രേഖാമൂലവും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് പ്രതികൾക്കെതിരെ ഐ.പി.സി 406, 420, 34 പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്. എങ്കിലും തുടർ അന്വേഷണത്തിനും തുടർനടപടികൾക്കും പൊലീസ് തയ്യാറാകാത്തതിൽ യൂണിയൻ ഭാരവാഹികൾ അതൃപ്തി പ്രകടിപ്പിച്ചു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരെ ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.