mannidichil

കട്ടപ്പന: മണ്ണിടിച്ചിലിനെ തുടർന്ന് വെള്ളിലാംകണ്ടം കുഴൽപ്പാലം അപകടാവസ്ഥയിലായി. കട്ടപ്പനകുട്ടിക്കാനം സംസ്ഥാനപാത കടന്നുപോകുന്ന പാലത്തിന്റെ കുഴിലിനു മുകളിലും മറ്റൊരിടത്തുമാണ് മണ്ണിടിഞ്ഞത്. മഴ തുടരുന്നതിനാൽ റോഡ് ഇടിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പാലത്തിൽ വാഹനഗതാഗതം വൺവേയായി ക്രമീകരിച്ചിട്ടുണ്ട്. ഇടുക്കി പദ്ധതി ആരംഭിച്ച കാലത്ത് നിർമിച്ച വെള്ളിലാംകണ്ടം കുഴൽപ്പാലം ഏഷ്യയിലെ ഏറ്റവും വലിയ മൺപാലമാണ്. നിർമാണം പൂർത്തിയായപ്പോൾ മണ്ണിടിച്ചിലിനു കാരണമാകുന്ന പ്രവൃത്തികൾ പാടില്ലെന്നു അന്നത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പരിസ്ഥിതി പ്രവർത്തകർ കുറ്റിച്ചെടികൾക്ക് പകരം വൻ മരങ്ങൾ ഇരുവശങ്ങളിലുമായി നട്ടുവളർത്തി. മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി പലയിടത്തും വിള്ളൽ രൂപപ്പെട്ടു. കൂടാതെ പാലത്തിന്റെ ഇരുവശവും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. പാലത്തിന്റെ പുനർ നിർമാണവും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.