കട്ടപ്പന: കൊവിഡ് പ്രതിസന്ധിക്കിടയിലും മലയോര കർഷകർക്ക് പൊന്നും വിളവ് സമ്മാനിച്ച് ആശ്വാസമേകുകയാണ് ഏലയ്ക്ക. 'പച്ച പൊന്ന്" എന്ന വിശേഷണമുള്ള ഏലയ്ക്കയുടെ സുവർണകാലമായിരുന്ന 2019ൽ സ്‌പൈസസ് ബോർഡിന്റെ ഇ-ലേലത്തിൽ ഓരോ ദിവസവും പുതിയ റെക്കാഡ് വില കുറിക്കപ്പെട്ടിരുന്നു. ആഗസ്‌റ്ര് മൂന്നിലെ ലേലത്തിൽ ഉയർന്ന വിലയായി 7,000 രൂപയും ശരാശരി വിലയായി 4,733 രൂപയും രേഖപ്പെടുത്തി.
പിന്നീട്, വിളവെടുപ്പോടെ വില 2,500 രൂപയിലേക്ക് താഴ്‌ന്നെങ്കിലും ഏലം വ്യാപകമായി കൃഷി ചെയ്യപ്പെട്ടു. നവംബറോടെ വില വീണ്ടും കയറിത്തുടങ്ങി. ഡിസംബറിൽ ശരാശരി വില 3,000 രൂപ കടന്നു. ജനുവരി നാലിന് വീണ്ടും റെക്കാഡായി ഉയർന്ന വില 7,000 രൂപ രേഖപ്പെടുത്തി. തുടർന്ന്, ഒന്നരമാസക്കാലം ശരാശരി വില 3,000 രൂപയ്ക്കുമേൽ തുടർന്നു.
വലച്ച് ലോക്ക്ഡൗൺ
ലോക്ക്ഡൗണിൽ കയറ്റുമതി നിലച്ചതും സ്‌പൈസസ് ബോർഡിന്റെ ഇ-ലേലം മുടങ്ങിയതും കർഷകരെ വലച്ചു. കിട്ടിയ വിലയ്ക്ക് ഏലയ്ക്ക വിറ്റൊഴിയേണ്ടി വന്നു. വൻതോതിൽ ഏലയ്ക്ക സംഭരിച്ച വ്യാപാരികളും വെട്ടിലായി. 59 ദിവസങ്ങൾക്ക് ശേഷം ലേലം പുനരാരംഭിച്ചെങ്കിലും വില കയറിയില്ല. ലോക്ക്ഡൗൺ മൂലം തമിഴ്നാട്ടിലെ വ്യാപാരികൾ വരാഞ്ഞതും തിരിച്ചടിയായി. ഡൽഹി, കൊൽക്കത്ത, മുംബയ് തുടങ്ങിയ മുഖ്യ വിപണികളിലേക്ക് കയറ്റുമതി മുടങ്ങിയതിനാൽ വില 1,300-1,500 രൂപ നിരക്കിൽ ചാഞ്ചാടുകയാണ്.
നൂറുമേനിയിൽ ഏലം
ജൂൺ അവസാനത്തോടെ ആരംഭിച്ച പുതിയ ഏലയ്ക്കാ സീസണിൽ വിളവെടുപ്പ് തകൃതിയാണ്. നല്ല മഴയും നേട്ടമായി. കൊവിഡ് മൂലം തമിഴ്‌നാട്ടിലെ തൊഴിലാളികൾ എത്താത്തതാണ് തിരിച്ചടി.
തറവില വേണം
ഏലയ്ക്കായുടെ ഗ്രേഡ് അനുസരിച്ച് തറവില നിശ്‌ചയിക്കുക പ്രയാസമാണെങ്കിലും, പോംവഴി കണ്ടെത്തി അതു സാദ്ധ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. തേയിലയ്ക്കും കുരുമുളകിനും സമാനമായ തറവിലയാണ് ആവശ്യം.
ഉണർവായി കയറ്റുമതി
അറബ് രാജ്യങ്ങളിലേക്ക് കയറ്രുമതി ഒന്നരവർഷത്തിന് ശേഷം വീണ്ടും തുടങ്ങിയത് കർഷകന് ആശ്വാസമാകുന്നുണ്ട്. കീടനാശിനിയുടെ അളവ് കൂടിയതുമൂലം സൗദിയിലേക്ക് കയറ്റുമതി നിലച്ചിരുന്നു. സ്‌പൈസസ് ബോർഡും ഇന്ത്യൻ ഏംബസിയും നടത്തിയ ഇടപെടലുകളെ തുടർന്ന് സൗദിയും ഗുണനിലവാര പരിശോധനയ്ക്ക് ശേഷം ഏലയ്ക്ക വാങ്ങിത്തുടങ്ങി.