ചെറുതോണി : മഴ കനത്തതോടെ വീടിന്റെ ടെറസിൽ അഭയം തേടി വൃദ്ധ ദമ്പതികൾ. വാഴത്തോപ്പ് പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൊക്കര കുളത്ത് തൊട്ടിയിൽ നാരായണനും ഭാര്യ തങ്കമ്മയുമാണ് തോട് കരകവിഞ്ഞതോടെ ടെറസിൽ പടുത കെട്ടി താമസം ആരംഭിച്ചത്. പാൽക്കുളം മേട്ടിൽ നിന്നും ആരംഭിക്കുന്ന പാൽക്കുളം തോട് നിറഞ്ഞൊഴുകിയതോടെ കൊക്കരക്കുളം ചെക്ക് ഡാം നിറഞ്ഞ് വെള്ളം സമീപത്തെ കൃഷിയിടങ്ങളിലേക്കും നാരായണന്റെ വീട്ടിലേക്കും എത്തുകയായിരുന്നു. പുരയ്ക്കുള്ളിലേക്ക് വെളളം കയറി തുടങ്ങിയതോടെയാണ് ഇവർ ടെറസിൽ താമസം ആരംഭിച്ചത്. ഓരോ മഴക്കാലത്തും വ്യാപകമായ കൃഷി നാശമാണ് പ്രദേശവാസികൾ നേരിടുന്നത്. ഇവർക്ക് മതിയായ സഹായങ്ങളും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിര സഹായം ഉറപ്പാക്കണമെന്ന് വാർഡ് മെമ്പർ റിൻസി സിബി ആവശ്യപ്പെട്ടു.