നഗരസഭാ ചെയർപേഴ്സണടക്കം 35 പേർ നിരീക്ഷണത്തിൽ
തൊടുപുഴ: ആദംസ്റ്റാർ ഷോപ്പിംഗ് കോംപ്ലക്സിൽ കമ്പ്യൂട്ടർ സർവീസ് സെന്റർ നടത്തുന്ന മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് ഭാരവാഹിക്കും കൊവിഡ് - 19 സ്ഥിരീകരിച്ചു. മുതലിയാർമഠം സ്വദേശിയായ ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. മർച്ചന്റ്സ് യൂത്ത് വിംഗ് ഭാരവാഹിയായ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപട്ടികയിൽ തൊടുപുഴ നഗരസഭാ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണുമടക്കം 35 പേരുണ്ട്. മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, യൂത്ത് വിംഗ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരും സമ്പർക്കപട്ടികയിലുണ്ട്. നാലിന് ആദംസ്റ്റാർ കോംപ്ലക്സിൽ മർച്ചന്റ്സ് യൂത്ത്വിംഗ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. ഇതുകൂടാതെ രോഗബാധിതന്റെ സ്ഥാപനത്തിലുള്ളവരോടും സഹോദരൻ നടത്തുന്ന ഹോട്ടലിലുള്ളവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. രണ്ട് സ്ഥാപനങ്ങളും ഇന്നലെ തന്നെ അടപ്പിച്ചു. ഇതിന് പുറമേ രോഗബാധിതൻ താമസിക്കുന്ന മേഖലയിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിയുമായി ബന്ധപ്പെട്ട ഇടവെട്ടി പഞ്ചായത്ത്, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കി.