കട്ടപ്പന: ഹൈറേഞ്ചിൽ ദുരിതം വിതച്ച് കാലവർഷം ശക്തമായി. രാവിലെ മുതൽ ഇടവിട്ട് ആരംഭിച്ച മഴ ഉച്ചകഴിഞ്ഞ് ശക്തിപ്രാപിച്ചു. രാത്രി വൈകിയും ശമനമില്ലാതെ തുടരുകയാണ്. അടിമാലി-കുമളി ദേശീയപാതയിലടക്കം മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ്, ആനവിലാസം ശാസ്താനടയ്ക്കുസമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർന്നു. മരിയാപുരത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. ശക്തമായ കാറ്റിൽ ആനവിലാസം, വള്ളക്കടവ്, കാഞ്ചിയാർ, ഉപ്പുതറ മേഖലകളിൽ വൻതോതിൽ കൃഷിനാശമുണ്ടായി. പോസ്റ്റുകളും ലൈനുകളും തകർന്ന് വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങി.
കനത്ത മഴയിലും കാറ്റിലും വെള്ളയാംകുടിയിൽ വീട് തകർന്നു. കാവുങ്കൽ ഷൈനിയും കുടുംബാംഗങ്ങളും 17 വർഷമായി താമസിച്ചിരുന്ന വാടക വീടാണ് ഇന്നലെ ഇടിഞ്ഞുവീണത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടിമാറിയതിനാൽ അപകടം ഒഴിവായി. കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളെ മാറ്റി പാർപ്പിച്ചു. നഗരസഭ പരിധിയിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കട്ടപ്പന ദാറുസലാം ജമാഅത് പള്ളിയുടെ ഷീറ്റുകൾ നിലംപൊത്തി. ബുധനാഴ്ച രാത്രി എട്ടോടെ അടുക്കളയുടെയുടെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഒരു മുറിയുടെയും ശൗചാലയത്തിന്റെയും മേൽക്കൂരകളും തകർന്നു. കവുങ്ങ് ഒടിഞ്ഞുവീണ് കട്ടപ്പന വെട്ടിക്കുഴക്കവല വടശേരിൽ മറിയാമ്മയുടെ വീട് ഭാഗികമായി തകർന്നു.