മൂന്നാറിൽ പരക്കെ നാശം
തൊടുപുഴ: ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ മഴ കനത്തതോടെ ജില്ല വീണ്ടും പ്രളയഭീതിയിൽ. ഇന്നലെ മൂന്നാർ മേഖലയിൽ കാലവർഷം പരക്കെ നാശം വിതച്ചു. മാട്ടുപ്പെട്ടിയിൽ നിറുത്തിയിട്ടിരുന്ന സ്കൂൾ ബസുകൾക്ക് മേൽ മരം വീണ് വാഹനങ്ങൾ തകർന്നു. സമീപത്തെ മറ്റൊരു വീടിന് മുകളിലും മരം വീണ് കേടുപാടുകൾ സംഭവിച്ചു. മൂന്നാർ എം. ജി കോളനിയിൽ മരം പതിച്ച് ഒരു വീട് തകർന്നു. മുതിരപ്പുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മൂന്നാർ ടൗണിലെ ഹോട്ടലിലും സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറി. കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. പെരിയവരൈ താത്കാലിക പാലം കവിഞ്ഞൊഴുകുന്നതുമൂലം പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. നിർമ്മാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ മടവീണ് വെള്ളം ഒഴുകുകയാണ്. ഹെഡ് വർക്‌സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ മുൻകരുതലായി തുറന്നിരിക്കുകയാണ്. മൂന്നാർ, കെ.ഡി.എച്ച് വില്ലേജുകൾ, അറക്കുളം എന്നിവിടങ്ങളിലായി ഇന്നലെ മാത്രം 33 പേരെ മാറ്റിപാർപ്പിച്ചു. കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ്പ്‌റോഡിൽ വീണ്ടും മലയിടിഞ്ഞതിനെ തുടർന്ന് നിരവധിപ്പേരുടെ കൃഷിയിടങ്ങൾ നശിച്ചു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി. ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള 24 മണിക്കൂറിലെ കണക്കിൽ ദേവികുളത്താണ് ഏറ്റവും കൂടുതൽ മഴ പെയ്തത്- 72.6 മില്ലി മീറ്റർ. പീരുമേട്, ഉടുമ്പൻചോല എന്നിവിടങ്ങളിൽ 32 മില്ലി മീറ്റർ മഴ പെയ്തു. ഇടുക്കി 15.2, തൊടുപുഴ 3.6 മിമി എന്നിങ്ങനെയാണ് ജില്ലയിൽ പെയ്ത മഴയുടെ കണക്ക്. മൂന്ന് ദിവസമായി അണക്കെട്ടിലെ ജല നിരപ്പും ഉയരുകയാണ്.
ഡാമുകൾ തുറക്കുന്നു
മഴ ശക്തമായ സാഹചര്യത്തിൽ പൊൻമുടി ഡാമിന്റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ 10ന് 30 സെ.മീ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും. കല്ലാർകുട്ടി, ലോവർപെരിയാർ (പ്ലാ ംബ്ല) ഡാമുകളുടെ മുഴുവൻ ഷട്ടറുകളും ഇന്നലെ വൈകിട്ട് തുറന്ന് 800 ക്യുമെക്‌സ് വീതം വെള്ളം പുറത്തുവിടുന്നുണ്ട്. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്ന് അടി ഉയർന്ന് 2347 അടിയായി. കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായതിനേക്കാൾ 31 അടി കൂടുതലാണിത്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് അണക്കെട്ടിൽ ഇപ്പോഴുള്ളത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് മൂന്ന് അടി ഉയർന്ന് 123.2 അടിയായി.
രാത്രി ഗതാഗതം നിരോധിച്ചു
ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ചു.