ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പങ്കാളികളാകണമെന്ന് മന്ത്രി എം.എം.മണി. കൊവിഡ് , മഴക്കെടുതി പ്രതിരോധ, മുൻകരുതൽ പ്രവർത്തനങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന സർവ്വകക്ഷിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ജനങ്ങൾ സ്വമേധയാ അതിന് തയ്യാറാകാതെ വരുമ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വരുന്നത്. എന്നാൽ പ്രത്യേക ചുമതല പൊലീസ് ദുർവിനിയോഗം ചെയ്യാതിരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് ഷട്ടർ പരിധിയിലെത്തിയാൽ

തുറന്നു വിടും

കനത്ത മഴയും കാറ്റും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നു. ജില്ലയിൽ ജലനിരപ്പുയുരുന്ന ചെറിയ ഡാമുകൾ യഥാസമയം തുറന്നു വിടുന്നുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഷട്ടർ പരിധിയിലെത്തിയാൽ തുറന്നു വിടുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്. നിലവിൽ ജലനിരപ്പ് കുറവാണ്. ശക്തമായ കാറ്റിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും വൈദ്യുതി ലൈനിൽ മരം വീണ്ടും വൈദ്യുതി തടസം ഉണ്ടായിട്ടുണ്ട്. കെ എസ് ഇ ബിയിലെ മുഴുവൻ ജീവനക്കാരും കർമ്മനിരതരായി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. ആവശ്യമെങ്കിൽ കൂടുതൽ കരാർ ജീവനക്കാരെയും പെൻഷനായ ജീവനക്കാരെയും നിയോഗിച്ചാണെങ്കിലും വൈദ്യുതി തടസം പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.