ഇടുക്കി: സ്വാതന്ത്ര്യ ദിനാഘോഷം സർക്കാർ നിർദേശത്തിന് അനുസൃതം ലളിതമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തും. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച്.ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിലാണ് ഈ തീരുമാനം. പതിവിനു വിപരീതമായി ഇത്തവണ ജില്ലാതല ആഘോഷം കുയിലിമലയിലെ പൊലീസ് എ ആർ ക്യാമ്പ് മൈതാനിയിലായിരിക്കും നടത്തുന്നത്. രാവിലെ 9 ന് പതാക ഉയർത്തും.
പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ നൂറു പേർ മാത്രം പങ്കെടുക്കും. പൊലീസിന്റെ ത് ഉൾപ്പെടെ പരേഡുകൾ ഉണ്ടായിരിക്കില്ല. സ്‌കൂൾ കുട്ടികളുടെ ദേശീയ ഗാനാലാപനവും ഇല്ല.പകരം റെക്കോഡ് ചെയ്ത ഗാനമായിരിക്കും. കുട്ടികളെയും മുതിർന്ന പൗരൻമാരെയും ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ല.പ്രത്യേക ബഹുമതിദാനവും ഒഴിവാക്കും. എം പി, എംഎൽഎമാർ തുടങ്ങിയവരും മൂന്ന് ഡോക്ടർമാർ, രണ്ട് നഴ്സുമാർ ,രണ്ട് പാരാമെഡിക്കൽ ജീവനക്കാർ, രണ്ട് സാനിട്ടേഷൻ ജീവനക്കാർ, കൊവിഡ് സുഖമായ മൂന്നു വ്യക്തികൾ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി, അസി. കളക്ടർ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയാ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് കുര്യാക്കോസ് മറ്റ് വിവിധ വകുപ്പുതല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.