ചെറുതോണി:മഴ ശക്തമായതോടെ വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. തടിയമ്പാട് മുസ്ളീം പള്ളിക്ക് സമീപം നേര്യമംഗലം ഇടുക്കി റോഡിൽ നിന്നും മണ്ണിടിഞ്ഞു വീണ് ചപ്പാത്ത് വെള്ളക്കം റോഡിൽ ഗതാഗതം തടസപെട്ടു. ചെറുതോണിക്ക് സമീപം വെള്ളക്കയത്ത് ഐശ്വര്യ ബാബുവിന്റെ വീടിന് സമീപത്തു നിന്നും മണ്ണിടിഞ്ഞ് ചെറുതോണി അടിമാലി റോഡിലേക്ക് വീണു. ഇടുക്കി പാർക്കിനകത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ താഴത്തേടത്ത് നിർമ്മല, അമ്പാട്ടു കുടി ഷെരീഫ് എന്നിവരുടെ വീടുകളിലേക്ക് ചെളിയും കല്ലും പാഞ്ഞുകയറി വീട് ഭാഗികമായി തകർന്നു ഇവരുടെ ഇരുചക്ര വാഹനങ്ങളും മണ്ണിനടിയിലായി. യാത്രി നിവാസ് കോട്ടേജുകൾ നിർമ്മിച്ചപ്പോൾ മലമുകളിൽ നിന്നുള്ള വെള്ളം വഴി തിരിച്ച് വിട്ടതാണ് ഈ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇടുക്കി മെഡിക്കൽ കോളേജ്, ഇടുക്കി താലൂക്ക് ഓഫീസ്, ഇടുക്കി എട്ടാം മൈൽ, പാറേമാവ് കൊലുമ്പൻ കോളനി എന്നിവിടങ്ങളിലും മണ്ണിടിച്ചിലുകൾ ഉണ്ടായി.