vazha
ശക്തമായ കാറ്റിൽ നശിച്ച മുതലക്കോടം കുന്നം മാടപ്പള്ളിൽ അഡ്വ. സി.ജെ. തോമസിന്റെ ഏത്തവാഴത്തോട്ടം

തൊടുപുഴ: കനത്ത കാറ്റിലും മഴയിലും തൊടുപുഴ മേഖലയിലും വ്യാപക നാശം. പുറപ്പുഴയിൽ പനയ്ക്കൽ സന്തോഷിന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ മുതലക്കോടം കുന്നം മാടപ്പള്ളിൽ അഡ്വ. സി.ജെ. തോമസിന്റെ ഏത്തവാഴത്തോട്ടം നിലംപൊത്തി. കുലച്ച ഇരുനൂറോളം ഏത്തവാഴകൾ ഒടിഞ്ഞു വീണ് നശിച്ചു. തൊമ്മൻകുത്ത് ചപ്പാത്ത് കനത്ത മഴയിൽ ഇന്നലെ പൂർണമായും വെള്ളത്താൽ മൂടി. ഇതോടെ ഗതാഗതം പൂർണമായും നിലച്ചു. പുഴയോട് ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചിരുന്ന കിണർ വെള്ളത്തിൽ മൂടിയതോടെ സമീപവാസികളുടെ കുടിവെള്ളം ഇല്ലാതായി. മരം വീണ് വണ്ണപ്പുറം ഹോമിയോ ആശുപത്രിയുടെ മേൽക്കൂരയ്ക്ക് കേടുപാടു സംഭവിച്ചു. ഡോക്ടർ ഉൾപ്പെടെ ജീവനക്കാർ ഉണ്ടായിരുന്ന സമയത്താണ് മരം വീണത്. ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തൊടുപുഴ- മണക്കാട് റൂട്ടിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇടവെട്ടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വലിയ തോട് കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം മുടങ്ങി. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മേഖലയിലെ പ്രധാന വഴികളെല്ലാം അടച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ഒന്ന്, മൂന്ന് വാർഡുകളിലെ ആളുകൾക്ക് പ്രധാന ആശ്രയമായിരുന്ന റോഡുകളാണ് അടഞ്ഞത്‌.