മൂന്നാർ: 'ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങ് (കൂട്ടികൊണ്ടു പോകൽ) നടത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളെല്ലാവരും. ഇന്നലെയാണ് അതു നടത്താനിരുന്നത്'.
കൈയ്ക്കും കാലിനും പരിക്കേറ്റ് മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീപ്പ് ഡ്രൈവർ ദീപൻ (25) ആ നിമിഷങ്ങൾ ഓർത്തെടുത്തു. ഭാര്യയും മാതാപിതാക്കളും സഹോദര കുടുംബവും അടക്കം ഒൻപതുപേരാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ ചടങ്ങുള്ളതിനാൽ എല്ലാവരും നേരത്തെ കിടന്നു.മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രി പത്തേ മുക്കാലോടെ വലിയ ശബ്ദം കേട്ടു. അമ്മേ... എന്ന് ഞാൻ നിലവിളിച്ചത് മാത്രം ഓർമ്മയുണ്ട്. ബോധം വരുമ്പോൾ അനങ്ങാൻ പോലുമാകാതെ മണ്ണിനടിയിലായിരുന്നു. എങ്ങും കൂരിരുട്ട് മാത്രം. അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്ന നിലവിളി കേൾക്കാം. പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല. പുലർച്ചെ 5.45ന് അടുത്ത എസ്റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുരൈ, ദുരൈ, മുത്തു പാണ്ടി എന്നിവരെത്തിയാണ് മണ്ണിലും ചെളിയിലും നിന്ന് രക്ഷപ്പെടുത്തിയത്. ചെളി കഴുകിക്കളഞ്ഞ് എന്നെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒമ്പത് മണിയായി. ദീപന്റെ വാക്കുകൾ മുറിഞ്ഞു.
ദീപന്റെ അച്ഛൻ പ്രഭു, ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മി, സഹോദരൻ പ്രതീഷ് കുമാർ, ഭാര്യ കസ്തൂരി , അഞ്ചു വയസുള്ള മകൾ പ്രിയദർശിനി, ഒരു വയസുകാരി ധനുഷ്‌ക, വളകാപ്പ് ചടങ്ങിനെത്തിയ മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാർ, രതീഷ് കുമാർ എന്നിവരെ കണ്ടെത്താനായിട്ടില്ല.