anchuruli

മൂന്നാർ: മഴയുടെയും മരം കോച്ചുന്ന തണുപ്പിന്റെയും ആലസ്യത്തിൽ പെട്ടിമുടി ലയത്തിലുള്ളവർ കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിഞ്ഞ് നേരത്തെ ഉറങ്ങിയിരുന്നു. സുഖമുള്ള ആ ഉറക്കത്തിന് മുകളിലാണ് പാതിരാത്രിയിൽ ഇടിമുഴക്കത്തോടെ ഉരുൾപൊട്ടി പാറക്കൂട്ടവും പെരുവെള്ളവും ഒഴുകിയിറങ്ങിയത്. വിവരം പുറം ലോകമറിയാൻ പിന്നെയും മണിക്കൂറുകളെടുത്തു. ഒമ്പത് മണിക്കൂർ കഴിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോൾ ലയങ്ങളിലെ ജീവിതങ്ങൾ മണ്ണിലമർന്നിരുന്നു.

വ്യാഴാഴ്ച രാത്രി 10.45നുണ്ടായ അപകടം അധികൃതർ അറിഞ്ഞത് ഇന്നലെ രാവിലെ എട്ടിന്. പൊലീസ്, റവന്യൂ അധികൃതർ എത്തുമ്പോൾ പത്തു മണി കഴിഞ്ഞിരുന്നു. മൂന്ന് ദിവസമായി മഴ തുടരുന്നതിനാൽ പെട്ടിമുടിയുൾപ്പെട്ട രാജമല മേഖലയിൽ വൈദ്യുതിയില്ലായിരുന്നു. ഫോണടക്കമുള്ള വാർത്താവിനിമയ സംവിധാനങ്ങളും നിശ്ചലമായിരുന്നു.

രാവിലെ പതിവ് സന്ദർശനത്തിനെത്തിയ ടാറ്റയുടെ കെ.ഡി.എച്ച്.പി കമ്പനി ഫീൽഡ് ഓഫീസറാണ് പെട്ടിമലയിലെ ഉരുൾപൊട്ടൽ ആദ്യം കണ്ടത്. തുടർന്ന് മൂന്നാറിലെത്തി പൊലീസ് സ്റ്റേഷനിലും കമ്പനി അധികൃതരെയും വിവരമറിയിച്ചു. താഴെ നിന്ന് പൊലീസും വനം വകുപ്പ് ജീവനക്കാരും ദുർഘടമായ പാതയിലൂടെ അവിടെയെത്തുമ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു.

 തോട്ടം തൊഴിലാളികൾ ആദ്യമെത്തി

ദുരന്തഭൂമിയിലേക്ക് സഹായത്തിന്റെ കൈകൾ ആദ്യം നീട്ടിയത് അര കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ മറ്റ് തൊഴിലാളികളാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോഴേക്കും തങ്ങളുടെ ബന്ധുക്കളും സഹപ്രവർത്തകരുമായവർ മണ്ണിനടിയിലായിരുന്നു. പുതഞ്ഞു പോകുന്ന മണ്ണിലേക്കിറങ്ങാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ അവർക്ക് കാത്തിരിക്കേണ്ടി വന്നു. രാവിലെ ആറോടെയാണ് ഇവർ അവിടേക്കിറങ്ങിയത്. പാതി ശരീരം മണ്ണിനടിയിലായിപ്പോയ രണ്ടു ജീവനുകൾ രക്ഷിച്ചതും ഇവരായിരുന്നു.

 തകർന്ന പാലം തടസമായി

മൂന്നാർ-മറയൂർ റോഡിലെ മുതിരപ്പുഴയാറിന് കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞ ദിവസം തകർന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽ നിന്ന് ഇടമലക്കുടിയിലേക്ക് പോകുന്ന പാതയിലാണ് പെട്ടിമുടി. പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്‌നി രക്ഷാസേനയ്ക്കും ആംബുലൻസ് അടക്കമുള്ളവയ്‌ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലെത്താനായില്ല.

പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെ നിന്നുള്ള പരിമിത സംവിധാനങ്ങളുപയോഗിച്ചാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. ജീപ്പിലെത്തിച്ച പരിക്കേറ്റവരെ പാലത്തിന് മറുകരയിലേക്ക് ചുമന്ന് കൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനായി പാലത്തിനിപ്പുറം മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ സജ്ജമാക്കിയിരുന്നു.