ചെറുതോണി:മഴ ശക്തമായതോടെ ജില്ലാ ആസ്ഥാന മേഖലയിൽ വ്യാപക നാശം വാഴത്തോപ്പ്, മരിയാപുരം കാമാക്ഷി കഞ്ഞിക്കുഴി വാത്തിക്കുടി പഞ്ചായത്തുകളിൽ നിരവധി വീടുകൾക്ക് നാശവും മണ്ണിടിച്ചിലും ഉണ്ടായി. വാത്തിക്കുടി പഞ്ചായത്തിലെ മേലേ ചിന്നാറിലും മരിയാപുരം പഞ്ചായത്തിലെ നാരകക്കാനത്തും ഉരുൾപൊട്ടലുണ്ടായി .മേലേചിന്നാറിൽ ആറും നാരകക്കാനത്ത് നാലും വീടുകൾക്ക് നാശമുണ്ടായി. കഞ്ഞിക്കുഴി വാഴത്തോപ്പ് കരിമ്പൻ മേഖലയിലെ പല വീടുകൾക്കും മഴ നാശം വിതച്ചു .ചെമ്പകപ്പാറയിൽ ചിന്നാർപുഴക്ക് കുറുകേയുണ്ടായിരുന്ന പാലം തകർന്നു.പനംകൂടി പെരിയാർവാലി എന്നീ പ്രധാന ചപ്പാത്തുകൾ മുങ്ങി. മുരിക്കാശ്ശേരി അടിമാലി റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. 2018ൽ മണ്ണിടിഞ്ഞ് മൂന്നു പേർ മരിച്ച മുരിക്കാശ്ശേരി രാജപുരത്ത് വീണ്ടും മണ്ണിടിച്ചിൽ സാദ്ധ്യത മുന്നിൽ കണ്ട് ഏഴ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ചെറുതോണിക്ക് സമീപം വെള്ളക്കയത്ത് പടിഞ്ഞാറെക്കരയിൽ നിക്‌സന്റെ വീടിന് സമീപം ഉണ്ടായ മണ്ണിടിച്ചിൽ ചെറുതോണി അടിമാലി റോഡിന് ഭീഷണിയായി. വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ ഏത് നിമിഷവും മറിഞ്ഞു വീഴുന്ന അവസ്ഥയിലാണിവിടെ. ഇടുക്കി മെഡിക്കൽ കോളേജ്, ഇടുക്കി താലൂക്ക് ഓഫീസ്, ഇടുക്കി എട്ടാം മൈൽ, പാറേമാവ് കൊലുമ്പൻ കോളനി എന്നിവിടങ്ങളിലും മണ്ണിടിച്ചിലുകൾ ഉണ്ടായി. നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗത തടസവും നേരിടുകയാണ്. ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ മരം വീണുള്ള അപകടങ്ങളും ജനങ്ങളിൽ ആശങ്കയുണർത്തുന്നു. വാത്തിക്കുടി പഞ്ചായത്തിൽ രാജപുരത്തും ,മേലേചിന്നാറിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.