കട്ടപ്പന: ഏലപ്പാറ നല്ലതണ്ണിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കാറിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി. ഏലപ്പാറ കോലാഹലമേട് ബോണാമി എസ്റ്റേറ്റിലെ ശങ്കറിന്റെ മകൻ മനോജി(32) ന്റെ മൃതദേഹമാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബോണാമി എസ്‌റ്റേറ്റിലെ അനീഷി(35) നെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ് നിർത്തിയിട്ടിരുന്ന കാർ നല്ലതണ്ണി പുഴയിൽ അപകടത്തിൽപെട്ടത്. സാധാരണ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായതാകാമെന്നാണ് നിഗമനം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിലിൽഅപകടത്തിൽപെട്ട സ്ഥലത്തുനിന്നു കിലോമീറ്ററുകൾ അകലെ പുഴയിൽ തങ്ങിനിന്ന കാറിൽ നിന്നാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ സേന വീണ്ടും തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് ദുരന്തമുണ്ടായ രാജമല പെട്ടുമുടിയിലേക്കു പോയി. അഗ്‌നിശമന സേനയും പൊലീസും വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മനോജിന്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടവും കൊവിഡ് പരിശോധനയും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.