മൂന്നാർ: ആനമുടിയുടെ മടിത്തട്ടിലെ മനോഹര താഴ്‌വാരമായിരുന്നു വ്യാഴാഴ്ച രാത്രി വരെ പെട്ടിമുടി. എന്നാൽ നിമിഷങ്ങൾക്കുള്ളിലാണ് എല്ലാം തകർന്നത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടത്തെ ലയങ്ങൾക്ക് മുകളിലേക്ക് ഉരുൾപൊട്ടിയെത്തിയ അവശിഷ്ടങ്ങൾ വന്ന് പതിക്കുകയായിരുന്നു. കുത്തിയൊഴുകിയെത്തിയ മണ്ണിലും ചെളിയിലും പെട്ട അവരുടെ വിലാപം ആരും കേട്ടില്ല. ഒറ്റ നിമിഷത്തിലാണ് അവരുടെ സ്വപ്നങ്ങൾ മണ്ണെടുത്തത്. പിഞ്ചു കുട്ടികളും ഗർഭിണികളടക്കമുള്ള സ്ത്രീകളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. രാവിലെ ആദിവാസികളും മറ്റ് തോട്ടം തൊഴിലാളികളും ചേർന്ന് കൈ കൊണ്ട് മണ്ണ് മാന്തിയാണ് 12 പേരെ രക്ഷപ്പെടുത്തിയത്. ഇവരിൽ പലരും ഇനിയും തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത് അറിഞ്ഞിട്ടില്ല. കടുത്ത തണുപ്പിലും മഴയിലും മണ്ണിനടിയിൽ എത്ര നേരം അതിജീവിക്കാനാകുമെന്ന് അറിയില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് രക്ഷപ്പെട്ടവർ.
കണ്ണീർ പുഴ
ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ വനാതിർത്തിയിൽപ്പെട്ട പ്രദേശത്തു നിന്നാണ് ഉരുൾപൊട്ടിയെത്തിയത്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ താഴേയ്ക്ക് പതിച്ചാണ് അത് പെട്ടിമുടിയെ ദുരന്തഭൂമിയാക്കിയത്. ഇരവികുളം ദേശീയ ഉദ്യാനത്തിനു താഴെ കെ. ഡി.എച്ച്.പി. കമ്പനിയുടെ തേയില തോട്ടങ്ങളാണ് . ഇതിനും താഴെയാണ് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ. മുകളിൽ നിന്നും തോട്ടത്തിലൂടെ കടന്നുപോകുന്ന നീർച്ചാലുണ്ട്. ഇത് ലയങ്ങൾക്ക് സമീപത്തുകൂടെ പോയി താഴെ പെട്ടിമുടി പുഴയിലാണ് ചേരുന്നത്. കഴിഞ്ഞ നാലു ദിവസമായി വനത്തിലും തേയില തോട്ടത്തിലും ശക്തമായ മഴയായിരുന്നു. വ്യാഴാഴ്ച രാത്രി ഈ നീർച്ചാൽവഴിയാണ് ഉരുൾപൊട്ടി താഴേക്കൊഴുകിയത്. മലമുകളിൽ നിന്നൊഴുകിയ കല്ലും മണ്ണും വെള്ളവും ഈ നീർച്ചാലിനെ ലയങ്ങൾക്കു മുകളിലൂടെ കണ്ണീർ പുഴയായി ഒഴുക്കി. കെട്ടിട ഭാഗങ്ങളും മണ്ണുമെല്ലാം താഴെ പുഴയിലേക്ക് പതിച്ചു. ലയങ്ങളിലുണ്ടായിരുന്നവരും പുഴയിൽ ഒഴുകി പോയിരിക്കാമെന്ന സംശയമുണ്ട്. താഴെ മാങ്കുളം ഭാഗത്തേക്കാണ് ഈ പുഴ ഒഴുകുന്നത്.