shiji

കട്ടപ്പന: കല്യാണത്തണ്ടിലെ പടുതാക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാഴവര കാരിക്കുഴിയിൽ ഷിജി(39) യാണ് മരിച്ചത്. മൂന്നുദിവസം മുമ്പ് പുലർച്ചെ വീട്ടിൽ നിന്നു കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകി. നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വൈകിട്ടോടെ പടുതാക്കുളത്തിൽ മൃതദേഹം കണ്ടത്. നാലുവർഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയശേഷം ഷിജി മാനസിക വിഷമത്തിലായിരുന്നു. ഒരുവർഷം മുമ്പും സമാനമായ രീതിയിൽ വീട്ടിൽ നിന്നു ഇറങ്ങിപ്പോയ ഷിജിയെ പിന്നീട് കണ്ടെത്തിയിരുന്നു. ഒടുവിൽ കാണാതാകുന്നതിനു ദിവസങ്ങൾക്ക് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇദ്ദേഹം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മക്കൾ: ശ്രീക്കുട്ടൻ, ശ്രീഹരി.