മൂന്നാർ: രാജമല പെട്ടിമുടിയിൽ വ്യാഴാഴ്ച രാത്രി തൊഴിലാളി ലയങ്ങളെ അപ്പാടെ വിഴുങ്ങിയ കുന്നിടിച്ചിലിൽ ഒരു കുട്ടിയും സ്ത്രീകളുമുൾപ്പെടെ 17 പേർ ദാരുണമായി മരണമടഞ്ഞു. കണ്ണൻദേവൻ കമ്പനിയുടെ മൂന്നാർ പെട്ടിമുടി ഡിവിഷനിലെ നാലു ലയങ്ങളിലെ 30 തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തിൽ അകപ്പെട്ടത്. മണ്ണിനടിയിൽ കുടുങ്ങിയ 12 പേരെ പ്രദേശവാസികൾ അതിസാഹസികമായി രക്ഷപെടുത്തി. 49 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ദുരന്തനിവാരണ സേനയും ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ തെരച്ചിൽ നിറുത്തിവച്ചു. ഇന്ന് രാവിലെ പുനരാരംഭിക്കും. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിന്റെ സ്ഥലത്ത് വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ലയങ്ങളിലുള്ളവർ ഉറക്കത്തിലായത് ദുരന്തവ്യാപ്തി കൂട്ടി. കോരിച്ചൊരിയുന്ന മഴയുമായിരുന്നു. പെട്ടിമുടിയിൽ നിന്ന് അരക്കിലോമീറ്റർ അകലെ മറ്റു ലയങ്ങളിലുള്ളവർ രാത്രി ഭയാനകമായ ശബ്ദം കേട്ടെങ്കിലും കനത്ത മഴയും കാറ്റും കാരണം പുറത്തിറങ്ങാനായില്ല. ഇവരിൽ ചിലർ ഇന്നലെ രാവിലെ ആറോടെ പുറത്തിറങ്ങിയപ്പോഴാണ് അപകട വിവരമറിയുന്നത്. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. വിവരമറിഞ്ഞ് ആദിവാസി മേഖലയിലുള്ളവരും ഇവർക്കൊപ്പം ചേർന്നു. മണ്ണിനടിയിൽ ജീവനോടെ കണ്ടവരെ ഇവരാണ് രക്ഷിച്ചത്.
മൂന്നാർ ടൗണിൽ നിന്ന് 21 കിലോമീറ്റർ അകലെ ദേവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ് കുന്നുകളാൽ ചുറ്റപ്പെട്ട അപകട പ്രദേശം. സംരക്ഷിത മേഖലയായ ഇവിടെ തോട്ടം തൊഴിലാളികൾക്കുള്ള ലയങ്ങളാണ് പ്രധാനമായുള്ളത്. തമിഴ്നാട്ടിൽ നിന്ന് കുടിയേറിയവരാണ് തൊഴിലാളികളിലധികവും.
ഉരുൾപൊട്ടലിൽ ഒരു കുന്നിടിഞ്ഞതോടെ രണ്ടു കിലോമീറ്റർ മുകളിൽ നിന്ന് മണലും കൂറ്റൻ പാറക്കഷ്ണങ്ങളും മരങ്ങളുമൊക്കെ ഒഴുകിയെത്തി ലയത്തിനു മേൽ പതിക്കുകയായിരുന്നു. ലയങ്ങൾ നിന്ന ഭാഗം നിമിഷങ്ങൾക്കകം ചെളിക്കൂമ്പാരമായി.
വയനാട്ടിലെ പുത്തുമല, മലപ്പുറത്തെ കവളപ്പാറ ദുരന്തങ്ങൾ നടന്ന് ഒരുവർഷം തികയുമ്പോഴാണ് സമാന സംഭവം ഉണ്ടാകുന്നത്.
പുറംലോകമറിഞ്ഞത്
ഇന്നലെ രാവിലെ
പ്രദേശത്ത് കഴിഞ്ഞ മൂന്നു ദിവസമായി അതിശക്ത മഴയാണ്. രണ്ടു നാളായി വൈദ്യുതി ഉണ്ടായിരുന്നില്ല. ഇവിടത്തെ മൊബൈൽ ടവറും നിശ്ചലമാണ്. ഇന്നലെ രാവിലെ എട്ടോടെ കണ്ണൻദേവൻ കമ്പനിയുടെ ഫീൽഡ് ഓഫീസർ സെന്തിൽകുമാർ മൂന്നാറിലെത്തി പൊലീസിൽ അറിയിക്കുമ്പോഴാണ് അപകട വിവരം പുറംലോകമറിയുന്നത്. ഇതോടെ പൊലീസും ഫയർഫോഴ്സും റവന്യൂ അധികൃതരും സ്ഥലത്തേക്ക് കുതിച്ചു. ദുരന്ത നിവാരണ സേനയുമെത്തി. പതിനൊന്നു മണിയോടെ മൂന്നാർ, മറയൂർ മേഖലകളിൽ നിന്നു ജെ.സി.ബികളും എത്തിച്ചു.
പാലം ഒലിച്ചുപോയി; അപകട
സ്ഥലത്തെത്താൻ വൈകി
അപകട സ്ഥലത്തേക്കുള്ള വഴികളിൽ മണ്ണും മരങ്ങളും നിറഞ്ഞതോടെ രക്ഷാ പ്രവർത്തകരുടെ യാത്ര ദുഷ്കരമായി. പെട്ടിമുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പെരിയവരൈ താത്കാലിക പാലം മുതിര പുഴയാറിലെ കുത്തൊഴുക്കിൽ ഒലിച്ചുപോയത് തിരിച്ചടിയാവുകയും ചെയ്തു. നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ ഒരുവശത്ത് കൂടി നടന്ന് അക്കരെയെത്തി വേറെ വാഹനത്തിലാണ് രക്ഷാപ്രവർത്തകർ പോയത്. പരിക്കേറ്റവരെ പാലത്തിന് മറുകരയിലേക്ക് ചുമന്ന് കൊണ്ടുവന്നാണ് ആശുപത്രിയിലെത്തിച്ചത്. മറ്റു ലയങ്ങളിലെ തൊഴിലാളികൾ മണിക്കൂറുകൾ പ്രയത്നിച്ച് വഴിയിലെ തടസങ്ങൾ നീക്കി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം
തിരുവനന്തപുരം: രാജമല പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ നിർവഹിക്കും.
രണ്ടു ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് തുക നൽകുന്നത്. ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ സംഭവം വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേന ഡയറക്ടറുമായി സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.