മൂന്നാർ: മണ്ണിടിച്ചിൽ മൂലം വീടുകൾ തകർന്ന മുഴുവൻ കുടുംബങ്ങൾക്കും പുനരധിവാസം ഒരുക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. മൂന്നാർ രാജമലയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയെങ്കിലും ധന സഹായം അനുവദിക്കണം. മണ്ണിടിച്ചിലിലൂടെ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ കണ്ണുതുറക്കണം. മുൻ വർഷങ്ങളിലെ പ്രളയങ്ങളിലും ഉണ്ടായ ദുരന്തങ്ങൾ കൺമുന്നിലുണ്ടായിട്ടും ഇതു തടയുന്നതിനുള്ള സമയോചിത നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കണം. റീ ബിൽഡ് കേരളയിൽ പുനരധിവാസ പദ്ധതിയും ഉൾപ്പെടുത്തണം. വാട്ടർഷെഡ് മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കണം. മണ്ണിടിച്ചിലിനുള്ള സാദ്ധ്യത ഇനിയും നിലനിൽക്കുന്ന സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടി വേണം. മണ്ണൊലിപ്പു തടയുന്നതിനുള്ള ഫലപ്രദമായ നിർദ്ദേശങ്ങൾ നർക്കാരിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.. മൂന്നാറിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പി. ജെ.ജോസഫ് . അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എക്‌സ് എം.പി, മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ എന്നിവരും ഒപ്പമുണ്ടായിരുന്നു.