യൊടുപുഴ: പെട്ടിമുടി ദുരന്തം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാത്തതുകൊണ്ടാണ് എന്ന വിമർശനം ഉയരുന്നത് നിർഭാഗ്യകരവും ദുരന്തത്തിൽപ്പെട്ടവരോടുള്ള അനാദരവുമാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.ഇരവികുളം ദേശിയ പാർക്കിനോട് ചേർന്നുള്ള തേയിലത്തോട്ടവും ലയങ്ങളും 100 വർഷത്തിലേറെക്കാലമായി നിലവിലുള്ളതാണ്. പെട്ടിമുടിക്ക് സമീപം ക്വാറികളോ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി നശീകരണമോ ഉണ്ടായിട്ടില്ല. ഇരവികുളം ദേശിയ പാർക്കിനുള്ളിൽ ഉള്ള വനഭൂമിയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഹതഭാഗ്യരായ തൊഴിലാളികളെ പ്രകൃതിഘാതകരായി ചിത്രീകരിക്കുന്നത് നിന്ദ്യവും മനുഷ്യത്വരഹിതവും, ക്രൂരവുമാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്കും, പരിക്കേറ്റവർക്കും, മതിയായ സാമ്പത്തിക സഹായവും പുനരധിവാസവും സംസ്ഥാനസർക്കാർ അടിയന്തിരമായി ഉറപ്പാക്കണമെന്നും അഡ്വ. എസ് അശോകൻ ആവശ്യപ്പെട്ടു.