കട്ടപ്പന: പേമാരിയുടെ ശക്തി കുറഞ്ഞെങ്കിലും ഭീതി വിട്ടൊഴിയാതെ ഹൈറേഞ്ചിലെ ജനങ്ങൾ. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച തീവ്രമഴ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കുറഞ്ഞെങ്കിലും ഇടവിട്ടുള്ള മഴ തുടരുന്നു. ഇന്നലെ രാവിലെ മുതൽ പല സ്ഥലങ്ങളിലും അന്തരീക്ഷം തെളിഞ്ഞെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും മഴ തുടങ്ങി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിലും പ്രധാന പാതകളിൽ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. പെരിയാറിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയതോടെ ഗ്രാമപ്രദേശങ്ങളടക്കം അഞ്ച് ദിവസത്തിലധികമായി ഇരുട്ടിലാണ്. ഇവിടങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
പെരിയാറിൽ ജലനിരപ്പ് കുറഞ്ഞതോടെ കെ. ചപ്പാത്തിലെയും ഉപ്പുതറയിലെ വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായി തുറന്നു. ചപ്പാത്തിലെ ഭൂരിഭാഗം കടകളിലും കഴിഞ്ഞദിവസം ചെളി വൻതോതിൽ അടിഞ്ഞിരുന്നു. ശുചീകരിച്ച കടകൾ തുറന്നു പ്രവർത്തിച്ചു. മറ്റിടങ്ങളിൽ ചെളിനീക്കുന്ന ജോലികൾ നടന്നുവരികയാണ്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നാശമുണ്ടായ മേലേചിന്നാർ, ബെഥേൽ മേഖലകളിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പ്രധാനപാതകളിലേക്കു ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കിയതോടെ വാഹനങ്ങൾ ഓടിത്തുടങ്ങി. വൈദ്യുതിയും ഭാഗികമായി പുനസ്ഥാപിച്ചു. മേഖലയിൽ 20ൽപ്പരം പോസ്റ്റുകളാണ് നിലംപൊത്തിയത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. ഇരട്ടയാർ, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തിയായ പന്തംമാക്കൽപ്പടിയിലാണ് വ്യാഴാഴ്ച രാത്രിയോടെ ഉരുൾ പൊട്ടിയത്.
കാഞ്ചിയാർ പഞ്ചായത്തിൽ മൂന്നു കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കട്ടപ്പനയാറിന്റെ പ്രഭവകേന്ദ്രമായ ചെകുത്താൻമലയിലുണ്ടായ ഉരുൾപൊട്ടലിൽ കിഴക്കേമാട്ടുക്കട്ട, പടുക മേഖലയിലെ 25 ഹെക്ടർ ഏലംകൃഷി ഒലിച്ചുപോയി. നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. അപകടഭീഷണി നേരിടുന്ന കിഴക്കേമാട്ടുക്കട്ട ഭാഗത്തെ 20ൽപ്പരം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശമുണ്ടായ ശാസ്താനടയിലെ 50ൽപ്പരം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇവർക്കായി ശാസ്താനട ഗവ. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. കുരങ്ങ് ശാസ്താനടയിലെ ഏലത്തോട്ടങ്ങളിൽ പത്തോളം ഉരുൾപൊട്ടലാണ് ഉണ്ടായത്. 20 ഏക്കറോളം സ്ഥലം ഒലിച്ചുപോയിരുന്നു.