ഇന്നലെ കണ്ടെടുത്തത് 9 മൃതദേഹങ്ങൾ
വിറങ്ങലിച്ച് അടിവാരം
45 പേരെ കണ്ടെത്താനുണ്ടെന്ന് വിവരം
മൂന്നാർ (രാജമല): തോട്ടം തൊഴിലാളി ലയങ്ങളെ രാത്രിയുടെ ഇരുട്ടിൽ തകർത്തെറിഞ്ഞ രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ച് മരണസംഖ്യ ഉയരുന്നു. ഇന്നലെ ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. ഇന്നലെ വൈകിട്ട് നിറുത്തിവച്ച രക്ഷാപ്രവർത്തനം മൂന്നാം ദിനമായ ഇന്നും തുടരും.
അപകടം നടക്കുമ്പോൾ ലയങ്ങളിൽ 78 പേരുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ഇവിടത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേർ ദുരന്തത്തിൽ പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം. അങ്ങനെയെങ്കിൽ 45 പേരെ ഇനി കണ്ടെത്തേണ്ടതുണ്ട്. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി എന്നിവർ രാവിലെ സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രാവിലെ മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായകമായി. എന്നാൽ വൈകിട്ടോടെ മഴ ശക്തമായി. പ്രദേശത്ത് അഞ്ചു ദിവസം മുമ്പ് തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. അതേസമയം, ബി.എസ്.എൻ.എൽ ടവറിന്റെ തകരാർ പരിഹരിച്ചു.
അഞ്ച് മണ്ണുമാന്തി യന്ത്രങ്ങൾ കൂടി എത്തിച്ചതോടെ വേഗത്തിൽ തെരച്ചിൽ നടത്താനാകുന്നുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനം നോക്കിയാണ് മണ്ണുമാറ്റുന്നത്. മൃതദേഹം കണ്ടെത്തിയാൽ തന്നെ മണ്ണിനടിയിൽ നിന്ന് പുറത്തെടുക്കുന്നത് അതീവ ദുഷ്കരമാണ്. പ്രദേശം ചതുപ്പ് പോലെയായതിനാൽ ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയാണ്. നിലത്ത് തകരഷീറ്റ് വിരിച്ച് അതിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്.
ഉരുൾപൊട്ടി വന്നടിഞ്ഞ വലിയ പാറക്കല്ലുകൾക്കിടയിൽ മൃതദേഹങ്ങൾ അകപ്പെട്ടതായി സംശയിക്കുന്നുണ്ട്. പാറ പൊട്ടിക്കുന്നതിന് ജാക്ഹാമർ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴി മോശമായതിനാൽ സാധിച്ചില്ല. തുടർന്ന് വൈകിട്ടോടെ ചെറിയ ഡ്രില്ലർ എത്തിച്ച് പാറ പൊട്ടിക്കാൻ ആരംഭിച്ചു. മൃതദേഹങ്ങൾ പെട്ടിമുടി തോട് വഴി ഒഴുകി പോയിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ പത്ത് കിലോമീറ്ററിലധികം ദൂരെയുള്ള മാങ്കുളം പുഴയിലും എൻ.ഡി.ആർ.എഫ് തെരച്ചിൽ ആരംഭിച്ചു.
18 മൃതദേഹങ്ങൾ ഒരു
കുഴിയിൽ സംസ്കരിച്ചു
രാജമലയിലെ നൈമക്കാട് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മോർച്ചറിയിൽ ഇന്നലെ 18 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. തുടർന്ന് രാജമല എസ്റ്റേറ്റിൽ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് സംസ്കരിച്ചു. ബാക്കി മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.