തൊടുപുഴ: മലങ്കര തുരുത്തേൽ പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് വിവരങ്ങൾ അറിയാൻ സ്ഥലത്ത് എത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തലയിൽ കൈവെച്ച് പോയി. പാലത്തിന്റെ രണ്ട് വശങ്ങളിലുമുള്ള അപകട സാദ്ധ്യത നേരിൽ ബോദ്ധ്യമായതിനെ തുടർന്നുള്ള ഞെട്ടലിലാണ് ഉദ്യോഗസ്ഥർ ദൈവത്തെ വിളിച്ച് പോയത്. പാലത്തിൽ ഇത് വരെ വലിയ ദുരന്തം ഉണ്ടാവാതിരുന്നത് ദൈവാനുഗ്രഹത്താലാണെന്നും ഉദ്യോഗസ്ഥർ പരസ്പരം പറഞ്ഞു. മലങ്കരയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ കുപ്പിവെള്ള പ്ലാന്റിന് സമീപത്തുള്ള തുരുത്തേൽ പാലത്തിന്റെ രണ്ട് വശങ്ങളിലും സംരക്ഷണ ഭിത്തി ഇല്ലാതെ ഏറെ അപകടാവസ്ഥയാണ് നില നിന്നിരുന്നത്. തൊടുപുഴ - മുട്ടം റൂട്ടിൽ വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഓവർടേക്ക് ചെയ്യുകയോ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾക്ക് കടന്ന് പോകാൻ വശങ്ങളിലേക്ക് ഒതുക്കി നിർത്തുകയോ ചെയ്താൽ താഴെ പരപ്പാൻ തോട്ടിലേക്ക് വീഴാനുള്ള സാദ്ധ്യത ഏറെയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽപെട്ടിട്ടുമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങൾ റോഡിൽ നിന്ന് തെന്നി മാറാനും സാദ്ധ്യത ഏറെയായിരുന്നു. റോഡും പാലവും കാലാകാലങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുമെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്ന അപകടാവസ്ഥക്ക് പരിഹാരം കണ്ടെത്താൻ ആർക്കും താല്പര്യവും ഇല്ലായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് "കേരള കൗമുദി " വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്ത് എത്തുകയും അപകടാവസ്ഥ ഉദ്യോഗസ്ഥർക്ക് നേരിൽ ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പാലത്തിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടാൻ പൊതു മരാമത്ത് വകുപ്പ് അടിയന്തിരമായി ഫണ്ട് അനുവദിച്ച് നിർമ്മാണം ആരംഭിച്ചു. പാലത്തിന്റെ വശങ്ങളിൽ കാട്ട് ചെടികളും പാഴ് മരങ്ങളും ഇടതൂർന്ന് വളർന്നതിനാൽ ഇത് വഴി നിത്യവും കടന്ന് പോകുന്ന ഉദ്യോഗസ്ഥർക്ക് പാലത്തിൽ മറഞ്ഞിരിക്കുന്ന കെണി കണ്ടെത്താനും കഴിഞ്ഞില്ല. മഴ ആരംഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാവുന്നതായും അധികൃതർ പറഞ്ഞു.