ഇടുക്കി: പെരിയാറിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് വെള്ളം കയറിയ ഉപ്പുതറ കെ.ചപ്പാത്തിലെ വ്യാപാര സ്ഥാപനങ്ങൾ വൃത്തിയാക്കുന്ന ജോലികൾ തുടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് ആറരയോടെ ചപ്പാത്തിലേക്ക് വെള്ളം കയറി തുടങ്ങിയിരുന്നു. ഏഴ് മണിയോടെ കോട്ടയം കട്ടപ്പന സംസ്ഥാന പാതയിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും റോഡിലും ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം പൊങ്ങിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ചപ്പാത്തിന്റെ കൈവരികൾ ശക്തമായ വെളളപ്പാച്ചിലിൽ തകർന്നു. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. രാവിലെ ആറ് മണിയോടെ ചപ്പാത്തിന് മുകളിലൂടെ ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ വീണ്ടും ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുള്ളതിനെ തുടർന്ന് പല വ്യാപാരികളും കടകൾ തുറക്കാൻ തയ്യാറായിട്ടില്ല.