കട്ടപ്പന: ഏലപ്പാറ നല്ലതണ്ണിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ കാറിൽ അകപ്പെട്ട രണ്ടാമത്തെ യുവാവിനെ മൃതദേഹവും കണ്ടെത്തി. ബോണാമി എസ്റ്റേറ്റിലെ ചന്ദ്രപാലിന്റെ മകൻ അനീഷി(35) ന്റെ മൃതദേഹം ഇന്നലെ രാവിലെ 11ഓടെയാണ് പുഴയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബോണാമി എസ്റ്റേറ്റിലെ മനോജി(മാർട്ടിൻ-32) ന്റെ മൃതദേഹം വ്യാഴാഴ്ച അർദ്ധരാത്രിയോടെ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെയാണ് നിർത്തിയിട്ടിരുന്ന കാർ നല്ലതണ്ണി പുഴയിൽ അപകടത്തിൽപെട്ടത്. സാധാരണ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയോരത്ത് നിർത്തിയിട്ടിരുന്ന കാർ ഒഴുകിപ്പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിൽ, അപകടത്തിൽപെട്ട സ്ഥലത്തുനിന്നു കിലോമീറ്ററുകൾ അകലെ പുഴയിൽ തങ്ങിനിന്ന കാറിൽ നിന്നു മനോജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ അഗ്‌നിശമന സേനയും പൊലീസും ഡി.ടി.പി.സി. ജീവനക്കാരും നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്റർ അകലെ അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മൃതദേഹം പാലാ ഗവ. ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കുശേഷം മനോജിന്റെ മൃതദേഹം നല്ലതണ്ണി പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.