മൂലമറ്റം: എടാട് - അന്ത്യൻപാറയിൽ പാറ അടർന്നു വീണത് കാഞ്ഞാർ എസ് ഐ കെ സിനോദിന്റെ നേതൃത്വത്തിൽ മാറ്റി റോഡ് സഞ്ചാര യോഗ്യമാക്കി. മൂലമറ്റം - വാഗമൺ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പാറ വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണ്ണും, വലിയ പാറ കഷണവും റോഡിലേക്ക് പതിക്കുകയായിരുന്നു . നിരവധി പാറ കൂട്ടങ്ങൾ അപകടകരമായ വിധം ഇവിടെ നിൽപ്പുണ്ട്. ഈ ഭാഗത്ത് അപകടകരമായി നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു മാറ്റുക ഏറെ ശ്രമകരമാണ്. റോഡിന്റെ താഴെ ഭാഗത്ത് നിരവധി കുടുബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ പാറ കഷണങ്ങളും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതു മൂലം വൻ ദുരന്തം ഒഴിവായി. കാഞ്ഞാർ എസ് ഐ ക്കൊപ്പം പൊലീസ് സംഘവും, നാട്ടുകാരും ചേർന്നതോടെയാണ് കല്ലും മണ്ണും നീക്കം ചെയ്യാൻ കഴിഞ്ഞത്. മഴ ശക്തമാകുന്നതോടെ കൂടുതൽ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടകരമായ പാറകൾ പൊട്ടിച്ച് മാറ്റുവാനുള്ള നടപടികൾ അനന്തമായി നീളുകയുമാണ്.