കട്ടപ്പന :കടമാക്കുഴിയിൽ വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷി നാശം. പ്രദേശത്തെ പത്ത് ഏക്കറോളം ഏലത്തോട്ടം ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പെരുമ്പ്രാൽ അന്നമ്മ കുര്യാക്കോസിന്റെ കൃഷിയിടത്തിലാണ് ഉരുൾപൊട്ടലിന്റെ ഉത്ഭവം. ഇവിടെ നിന്നും പത്ത് ഏക്കറോളം കൃഷിയിടത്തിലൂടെ കുതിച്ചെത്തിയ മലവെള്ളവും വലിയ പാറക്കല്ലുകളും കട്ടപ്പന ആനവിലാസം റോഡിനോടു ചേർന്നുള്ള തോട്ടിലാണ് പതിച്ചത്.
പെരുമ്പ്രാൽ സിനോയി എബ്രഹാം, പുതിയപുരയിടത്തിൽ കുര്യൻ മാത്യു, പുത്തൻപുരയ്ക്കൽ ചാക്കപ്പൻ, പുതിയപുരയിടത്തിൽ സണ്ണി, കുറകുന്നേൽ ബെന്നി, മരുതൂർ മോഹൻദാസ് എന്നിവരുടെ ഏലത്തോട്ടമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്‌സൺ ജോർജ്, കട്ടപ്പന കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എ.അനീഷ് എന്നിവരടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.