മൂന്നാർ: ദുരന്തഭൂമിയിൽ രാവിലെ മുതൽ തന്റെ അച്ഛനെ തിരയുകയായിരുന്നു 29 കാരനായ സന്തോഷ് രാജ. തന്റെ വേണ്ടപ്പെട്ടവരെല്ലാം മണ്ണിനടിയിലായതറിഞ്ഞ് തമിഴ്നാട്ടിലായിരുന്ന സന്തോഷ് ശനിയാഴ്ച രാവിലെ പെട്ടിമുടിയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അച്ഛനുമമ്മയും ബന്ധുക്കളുമടക്കം രണ്ട് ലയങ്ങളിലായി എട്ട് പേരാണ് താമസിച്ചിരുന്നത്. ഇതിൽ അമ്മ സരസ്വതി മാത്രമാണ് രക്ഷപ്പെട്ടത്. ഇവരെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലാണ് സന്തോഷ് പെട്ടിമുടിയിലെത്തിയത്. പിന്നീട് പഠനത്തിനായി തമിഴ്നാട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ സമീപത്തെ ലയത്തിലുള്ളവർ പറഞ്ഞാണ് വിവരം അറിയുന്നത്. സന്തോഷിന്റെ അച്ഛഛൻ രാജ എസ് റ്റേറ്റ് വാച്ചറാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും ദിവസങ്ങളായി ഇല്ലാത്തതിനാൽ വീട്ടിലെ വിവരങ്ങൾ അറിഞ്ഞിരുന്നില്ല. അച്ഛനെക്കൂടാതെ ചിറ്റപ്പൻ അണ്ണാ ദുരൈ ദാര്യ തങ്കം മകൻ ജോഷാ എന്നിവരുടെ മൃതദേഹങ്ങൾ കിട്ടിയിട്ടില്ല. രാവിലെ മുതൽ ദുരന്ത സ്ഥലത്ത് തിരച്ചിലിൽ ഏർപ്പെട്ടെങ്കിലും നിരാശയോടും കണ്ണീരോടെയുമാണ് രണ്ടാം ദിനം തിരിച്ചലവസാനിപ്പിച്ചതിനെ തുടർന്ന് സന്തോഷ് മടങ്ങിയത്.