തൊടുപുഴ :കുടിശിക കിട്ടാത്തത് മൂലം കരാറുകാർ ജോലി ബഹിഷ്‌ക്കരിച്ചതിനാൽ അറ്റകുറ്റപ്പണി മുടങ്ങിയതോടെ സംസ്ഥാനത്ത് വാട്ടർ അതോറിറ്റി ജലവിതരണം അവതാളത്തിൽ. ഈ മാസം ഒന്നു മുതലാണ് കരാറുകാരുടെ സംഘടനയായ വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജോലികൾ നിർത്തിവെച്ചത്. ഇതിന് ശേഷം അറ്റകുറ്റപ്പണി നിലച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് പലയിടത്തും ശുദ്ധജലവിതരണം സ്തംഭിച്ചു. കാലവർഷക്കെടുതിയിൽ തകർന്ന കുടിവെളള വിതരണ പൈപ്പുകൾ ഒരിടത്തും നന്നാക്കിയിട്ടില്ല.
കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ അസോസിയേഷൻ സമരം പ്രഖ്യാപിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ അധികൃതരുടെ അഭ്യർഥന പ്രകാരം മാറ്റിവെക്കുകയായിരുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ പറയുന്നു. ഇക്കുറി സമരം ആരംഭിച്ചിട്ടും സർക്കാർ തലത്തിൽ ഒത്തുതീർപ്പ് ശ്രമമുണ്ടായിട്ടില്ല. വാട്ടർ അതോറിറ്റി ടെക്‌നിക്കൽ മെമ്പർ ഇടപെട്ട് 30 കോടി രൂപ അനുവദിച്ചെങ്കിലും ഇത് അപര്യാപ്തമായതിനാൽ സംഘടന വഴങ്ങിയില്ല.
3000ത്തോളം അംഗീകൃത കരാറുകാരാണ് ജല അതോറിറ്റിയുമായി ബന്ധപ്പെട്ടുളളത്. പൊതുമരാമത്ത് അടക്കമുളള വകുപ്പുകളിലേത് പോലെ ബിൽ ഡിസ്‌കൗണ്ടിംഗ് സമ്പ്രദായത്തിലൂടെ കരാറുകാർക്ക് പണം നൽകുന്ന രീതി വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. രണ്ടു വർഷം മുമ്പ് ബജറ്റ് പ്രഖ്യാപനത്തിൽ വാട്ടർ അതോറിറ്റിയിലും ബിൽ ഡിസ്‌കൗണ്ട് സംവിധാനം ഏർപ്പെടുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. കേന്ദ്ര പദ്ധതികളായ എൻ.ആർ.ഡി.ഡബ്ല്യു.പി, നബാർഡ് തുടങ്ങിയവയുടെ ഫണ്ട് സംസ്ഥാനത്തിന് ലഭിച്ചെങ്കിലും അത് വിതരണം ചെയ്തിട്ടില്ലെന്നും കരാറുകാർ ആരോപിക്കുന്നു.
ഒന്നരവർഷത്തെ
കുടിശിക
18 മാസത്തെ കുടിശികയായി 470 കോടിയിലേറെ രൂപയാണ് വിവിധ ഇനങ്ങളിലായി കരാറുകാർക്ക് കിട്ടാനുളളത്. സംസ്ഥാന പ്ലാൻ, എ. ഡി. എഫ്, ബജറ്റ് വിഹിതം എന്നിവയിൽ 400 കോടിയിലേറെയും അറ്റകുറ്റപ്പണികളുടെ 70 കോടി രൂപയും.
നിസഹായരായി
ഉദ്യോഗസ്ഥർ
പെപ്പ് പൊട്ടി കുടിവെളളം നിലച്ചതിനെ തുടർന്ന് ജലഅതോറിറ്റി ഓഫീസുകളിലേക്ക് പരാതി പ്രവാഹമാണ്. അസി. എഞ്ചിനീയർ തലത്തിലാണ് പരാതി പരിഹാര ചുമതല. എന്നാൽ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ പരാതി പരിഹരിക്കാൻ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയിലാണ് ഉദ്യോഗസ്ഥർ.