തൊടുപുഴ: ഇടവെട്ടി മേഖലയിൽ കുടിവെളള വിതരണം നിലച്ചിട്ട് ഒരാഴ്ച്ച . ഒന്നര വർഷം മുമ്പ് കമ്മീഷൻ ചെയ്ത ഇടവെട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ മലങ്കര പമ്പിംഗ് സ്റ്റേഷനിൽ നിന്നാണ് ഇടവെട്ടി പഞ്ചായത്തിലെ ശുദ്ധ ജലവിതരണം. കനത്ത മഴയെ തുടർന്ന് പമ്പിംഗ് പൈപ്പിൽ ചെളി നിറഞ്ഞതിനാൽ ഒരു ദിവസം വിതരണം മുടങ്ങി. ഇത് ശരിയായപ്പോഴാണ് ഇടവെട്ടിതെക്കുംഭാഗം റോഡിൽ വാട്ടർ ടാങ്കിന് സമീപം പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. കരാറുകാർ ജോലി ബഹിഷ്‌ക്കരിച്ചിരിക്കുന്നതിനാൽ അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ലെന്ന് വാട്ടർ അതോറിറ്റി പറയുന്നു. മേഖലയിൽ കിണറുകൾ കുറവായതിനാൽ വാട്ടർ അതോറിറ്റി കണക്ഷൻ മാത്രമാണ് ആയിരക്കണക്കിന് വീടുകൾക്ക ആശ്രയം. പെരുമഴയത്ത് കിണറുകൾ നിറഞ്ഞ് ജലം മലിനമായതിനാൽ പലരും പൈപ്പ് വെളളമാണ് ഉപയോഗിക്കുന്നത്.