മൂലമറ്റം: അറക്കുളം മൈലാടി പുത്തൻമടം ജോസഫിൻ്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ രണ്ട് വർഷവും ജോസഫിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞിരുന്നു. അയൽവാസിയായ പരവൻ പറമ്പിൽ ജോസഫിൻ്റെ പറമ്പിലെ മണ്ണാണ് ഇടിയുന്നത്. ഇത് സംബന്ധിച്ച് വില്ലേജ്, പഞ്ചായത്ത്, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും പതിനായിരം രൂപ മാത്രമാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപാ മുടക്കിയാണ് ഓരോ വർഷവും മണ്ണ് നീക്കം ചെയ്തതും വീടിൻ്റെ കേടുപാടുകൾ തീർത്തതും. 70 വയസ് കഴിഞ്ഞ ജോസഫും ഭാര്യ മേരിയുമാണ് ഇവിടെ താമസിക്കുന്നത്. ജോസഫിന് അംഗവൈകല്യവും ഉണ്ട്. കാഞ്ഞാർ എസ്. ഐ. കെ. സിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ടോമി കുന്നേൽ സെക്രട്ടി സി.ആർ.മധു എന്നിവരുടെ സഹായത്തോടെ ജോസഫിനെയും ഭാര്യയെയും അയൽവാസിയുടെ വീട്ടിലേക്ക് മാറ്റി. ഇവിടെ കൂടുതൽ മണ്ണ് ഇടിയാൻ സാധ്യതയുള്ളതായി പ്രദേശ വാസികൾ പറഞ്ഞു.