mullapperiyar-

കട്ടപ്പന: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇതുവരെ എടുത്ത നിലപാടുകളിൽനിന്ന് വ്യതിചലിച്ച് അനുഭാവ നടപടികളുമായി തമിഴ്നാട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു കൂടുതൽ വെള്ളം തമിഴ്‌നാട്ടിലേക്ക് എടുക്കുന്ന ആശ്വാസ നടപടിയാണ് അടുത്ത ദിവസങ്ങളിലായി ഉണ്ടായത്.

ശക്തമായ മഴക്കാലത്ത് ശരാശരി സെക്കന്റിൽ 1600 ഘന അടി എടുക്കുന്നത് മൂന്ന് ദിവസമായി ഉയർത്തി. 1671 ഘന അടിയായും ശനിയാഴ്ച 1860 ആയി ഉയർത്തി. ഇന്നലെ രാവിലെ എട്ടുമുതൽ സെക്കൻഡിൽ 2010 ഘനഅടി വെള്ളമാണ് നാലു പെൻസ്റ്റോക്ക് പൈപ്പുകളിലൂടെയും ഇറൈച്ചിൽപാലം വഴിയും തമിഴ്‌നാട് കൊണ്ടുപോകുന്നത്. വെള്ളം എത്തിക്കുന്ന തമിഴ്‌നാട്ടിലെ തേനി ജില്ലയിലടക്കം മഴ പെയ്യുന്നതിനാൽ കൃഷിക്ക് കൂടുതൽ വെള്ളം ആവശ്യമില്ല. ഇപ്പോൾ വൈദ്യുതിക്കും കുടിവെള്ളാവശ്യത്തിനുമുള്ള ജലം മാത്രമാണ് കൊണ്ടുപോകുന്നത്. പരമാവധി വെള്ളം വൈഗ അണക്കെട്ടിലും മറ്റു തടയണകളിലും സംഭരിക്കുകയാണ് ലക്ഷ്യം.

ആദ്യമായാണ് അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലെത്തുന്നതിനു മുമ്പ് തമിഴ്‌നാട് കൂടുതലായി വെള്ളം കൊണ്ടുപോകുന്നത്. മുൻവർഷങ്ങളിൽ 137 അടി കഴിയുമ്പോഴാണ് വെള്ളത്തിന്റെ അളവ് ഉയർത്തുന്നത്. സെക്കൻഡിൽ 2600 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്കു ഒഴുക്കാവുന്ന പരമാവധി വെള്ളത്തിന്റെ തോത്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഇപ്പോൾ 136 അടി പിന്നിട്ടു. പരമാവധി സംഭരണശേഷി 142 അടിയാണ്. സെക്കൻഡിൽ 5500 ഘനഅടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇന്നലെ രാവിലെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് ശക്തിപ്രാപിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെ ജലനിരപ്പ് 132.6 അടിയിൽ എത്തിയപ്പോൾ പി.ഡബ്ല്യു.ഡി. ആദ്യമുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പെരിയാറിന്റെ തീരവാസികൾക്കും മുന്നറിയിപ്പ് നൽകി. ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.