മൂന്നാർ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ കനത്ത മഴയും മൂടൽമഞ്ഞും കൊവിഡും തീർത്ത പ്രതിസന്ധികൾക്കിടയിലും തുടരുന്ന രക്ഷാ പ്രവർത്തനത്തിൽ ഇന്നലെ 17 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 43ആയി. പൊലീസിന്റെ ഡോഗ് സ്ക്വാഡാണ് മൃതദേഹങ്ങൾ കിടന്ന മൂന്നിടങ്ങൾ കണ്ടെത്തിയത്.
മണ്ണിനടിയിൽപ്പെട്ട 28 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചു.അദ്ദേഹത്തെ തിരിച്ചയച്ചു. സംഘത്തിലുള്ളവരും മടങ്ങി.
പെട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ അകലെ മറയൂരിന് സമീപം ലക്കത്ത് ലയങ്ങൾക്കു സമീപം ചെറിയ ഉരുൾപൊട്ടലുണ്ടായെങ്കിലും അപകടമില്ല. ഇന്നലെ രാവിലെ മുതൽ ചെറുതും വലുതുമായ പത്ത് മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് ഓരോ മേഖലയിലെയും മണ്ണു മാറ്റിയായിരുന്നു തിരച്ചിൽ. കൂടാതെ ആളുകൾ പുഴയിൽ ഒലിച്ചുപോയിരിക്കാമെന്ന നിഗമനത്തിൽ ഡ്രോൺ ഉപയോഗിച്ച് തീരങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്. ഇന്നലെ രണ്ട് മൃതദേഹങ്ങൾ പുഴയിൽ നിന്നാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകി നദിയിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ സേനയും ഫയർ ആന്റ് റെസ്ക്യൂവും എട്ട് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ കെ. രാജു, എ.കെ ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. എൽ. എമാരായ വി.ടി. ബൽറാം,ഷാഫി പറമ്പിൽ ബി.ജെ.പി സംസ്ഥാന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ ഇന്നലെ ദുരന്തമേഖല സന്ദർശിച്ചിരുന്നു.