മൂന്നാർ: പെട്ടിമുടി ദുരന്ത മേഖല മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പെട്ടിമുടിയിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാനില്ലെന്നും നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവർക്കും പത്തുലക്ഷം നൽകണം. കരിപ്പൂരിൽ പത്ത് ലക്ഷവും രാജമലയിൽ അഞ്ച് ലക്ഷവും പ്രഖ്യാപിച്ചതിൽ വിവേചനമുണ്ട്. കഴിഞ്ഞ ജനുവരി ഒന്നിന് ഇടമലക്കുടിയിലെ ആദിവാസികൾക്കൊപ്പം പുതുവർഷം ആഘോഷിക്കുന്നതിനായി പോയപ്പോൾ പെട്ടിമുടി സന്ദർശിച്ചിരുന്നു. അന്നവിടെ ആരതി ഉഴിഞ്ഞ് സ്വീകരിച്ച വിശ്വനാഥനടക്കം ആ കുടുംബത്തിലെ 32 പേർ മരിച്ചത് വളരെ വേദനയുണ്ടാക്കുന്നു. അന്ന് കണ്ട പെട്ടിമുടിയും ഇപ്പോഴത്തേതും കാണുമ്പോൾ വളരെയധികം പ്രയാസം തോന്നുന്നു. വളരെ പാവപ്പെട്ടവരായ തോട്ടം തൊഴിലാളികളാണ് ദുരന്തത്തിലകപ്പെട്ടത്. ഇത്തരം പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്നത് ഇങ്ങനെയുള്ളവരാണെന്നതാണ് വസ്തുത. ഊർജിത രക്ഷാ പ്രവർത്തനമാണ് നടക്കുന്നത്. പൊലീസും ദുരന്തനിവാരണ സേനയും ഫയർഫോഴ്സും ഇടമലക്കുടിയിലെ ആദിവാസികളും ചേർന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ കഠിന പരിശ്രമമാണ് നടത്തുന്നത്. വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, കോൺഗ്രസ് നേതാക്കളായ റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, മാത്യു കുഴൽനാടൻ, സി.പി. മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.