ഗതാഗത തടസപ്പെട്ടു
കട്ടപ്പന: വണ്ടിപ്പെരിയാറിൽ ദേശീയപാതയിലേക്ക് സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. ഈസമയം വാഹനങ്ങളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സെൻട്രൽ ജംഗ്ഷനു സമീപം പഞ്ചായത്ത് ടാക്‌സി സ്റ്റാൻഡിനോടു ചേർന്നുള്ള സ്വകാര്യ തേയിലത്തോട്ടത്തിന്റെ സംരക്ഷണഭിത്തി 50 അടി ഉയരത്തിൽ നിന്നു ദേശീയപാതയിലേക്കു പതിച്ചത്. മറുവശത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുൻവശം വരെ മണ്ണ് ഒലിച്ചെത്തി. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ഒരാഴ്ച മുമ്പ് സംരക്ഷണഭിത്തിയുടെ അടിവശത്തുള്ള പഴയ കംഫർട്ട് സ്റ്റേഷൻ പഞ്ചായത്ത് പൊളിച്ചുനീക്കിയിരുന്നു. പുതുതായി കംഫർട്ട് സ്റ്റേഷൻ, പൊതുവേദി, ജീപ്പ് സ്റ്റാൻഡ് എന്നിവ നിർമിക്കാനായാണ് മണ്ണുനീക്കിയത്. കനത്തമഴയിൽ ഇവിടം ചെളിക്കുണ്ടായി മാറിയതോടെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നില്ല. ഇതോടെ വൻ അപകടമാണ് വഴിമാറിയത്.