ഇരട്ടനീതിയെന്ന് ആക്ഷേപം

വിമർശനവുമായി സി.പി.ഐയും

മൂന്നാർ: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാനാപകടത്തിലും മരിച്ചവർക്കും നൽകുന്ന സഹായധനത്തിലെ വവേചനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. കരിപ്പൂരിൽ മരിച്ചവർക്ക് പത്തുലക്ഷം നൽകിയപ്പോൾ പെട്ടിമുടിക്കാർക്ക് സർക്കാർ അഞ്ചുലക്ഷം രൂപ മാത്രം പ്രഖ്യാപിച്ചത് വിവേചനമാണെന്നാണ് പ്രതിപക്ഷ ആരോപണം. പെട്ടി മുടിയലേത് ആദ്യഘട്ട സഹായമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും, ഇത്തരം സമീപനം ഇടതുപക്ഷ സർക്കാരിന് ചേർന്നതല്ലെന്ന ഭരണകക്ഷിയായ സി.പി.ഐയുടെ വിമർശനം സർക്കാരിന് കൂടുതൽ തലവേദനയാകുന്നുണ്ട്. കരിപ്പൂരിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി കൂടുതൽ പേർ മരിച്ച പെട്ടിമുടിയിലെത്താത്തതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. എന്നാൽ, വവേചനമില്ലെന്നും, കാലാവസ്ഥ മോശമായതുകൊണ്ടാണ് മുഖ്യമന്ത്രി എത്താത്തതെന്നുമാണ് സർക്കാർ വിശദീകരണം. കരിപ്പൂരിൽ അഞ്ചു ലക്ഷവും പെട്ടിമുടിയിൽ പത്തു ലക്ഷവുമെന്നത് കടുത്ത വവേചനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലായിടത്തും മനുഷ്യജീവന് ഒരേ വിലയാണെന്നും അതിനാൽ സർക്കാർ വവേചനം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും അഭിപ്രായപ്പെട്ടു. പെട്ടിമുടിയിൽ നഷ്ട പരിഹാര തുക കുറച്ചത് ഇടുക്കിയിലെ തമിഴ് വംശജരോടുള്ള തരംതിരിവാണെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. എന്നാൽ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ശിവരാമൻ ഒരുപടി കൂടി കടന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തി. പെട്ടിമുടിയിൽ മരിച്ചവർ പാവങ്ങളിൽ പാവങ്ങളാണെന്നും അവരോടുള്ള ദുരിതാശ്വാസത്തിലെ വവേചനം ഇടതു സർക്കാരിന് ഭൂഷണമല്ലെന്നും ശിവരാമൻ കുറ്റപ്പെടുത്തി.

"സി.പി.ഐ മന്ത്രിമാരും ഞാനും കൂടിയിരുന്നാണ് ധനസഹായം നൽകാൻ തീരുമാനമെടുത്തത്. പ്രാഥമിക ധനസഹായം മാത്രമാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു കഴിഞ്ഞു. ശിവരാമൻ പറയുന്നത് വിവരക്കേടാണ്. ഞാൻ പറഞ്ഞതുകൊണ്ട് സർക്കാർ കൂടുതൽ കൊടുത്തു എന്ന് പറഞ്ഞ് ക്രെഡിറ്റ് അടിച്ചുമാറ്റാനാണ് ചെന്നിത്തലയുടെ ലക്ഷ്യം. ഇടുക്കിയിലെ കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറിൽ മുഖ്യമന്ത്രിക്ക് എത്താനാകാത്ത സാഹചര്യമുണ്ട്

എം.എം മണി

വൈദ്യുത മന്ത്രി